നിത്യാനന്ദയുടെ 'കൈലാസ രാജ്യ' പ്രതിനിധി യു.എന്‍ യോഗത്തില്‍
|ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യം പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടെന്നും പ്രതിനിധി
ജനീവ: സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ 'റിപബ്ലിക് ഓഫ് കൈലാസ'യുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്തു. നിത്യാനന്ദ ഹിന്ദുമതത്തിന്‍റെ പരമാചാര്യനാണെന്നും അദ്ദേഹത്തെ സംരക്ഷിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത വിജയപ്രിയ പറഞ്ഞു.
ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്.സി.ആർ) യോഗത്തിലാണ് വിജയപ്രിയ പങ്കെടുത്തത്. 'തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
കൈലാസ പ്രതിനിധി യു.എന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രം നിത്യാനന്ദയാണ് ട്വീറ്റ് ചെയ്തത്. സാരിയും തലപ്പാവും ആഭരണങ്ങളും ധരിച്ച സ്ത്രീയെ കാണാം. ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു. ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും അദ്ദേഹം ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടുന്നത് തടയാന്‍ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.
2010ലാണ് നിത്യാനന്ദക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നിത്യാനന്ദയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 2020ലാണ് നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കിയത്. ബാലപീഡനം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. തുടര്‍ന്ന് നിത്യാനന്ദ ഇന്ത്യ വിടുകയും കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് എവിടെയാണെന്ന് വ്യക്തമല്ല.
Summary- Representatives of controversial godman Nithyananda's self-proclaimed country 'Republic of Kailasa' attended a United Nations meeting, where they demanded protection for the "supreme pontiff of Hinduism"