India
nitin gadkari_threat call
India

നിതിൻ ഗഡ്‌കരിക്ക് വീണ്ടും ഭീഷണി; ഔദ്യോഗിക വസതിയിലേക്ക് അജ്ഞാത ഫോൺകോൾ

Web Desk
|
16 May 2023 2:41 PM GMT

മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു

ഡൽഹി: കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വീണ്ടും ഭീഷണി. ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു റോഡിലുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്‌ച രാത്രി ഗഡ്കരിയുടെ ഓഫീസിലെ ജീവനക്കാരിൽ ഒരാളാണ് ഫോണെടുത്തത്. വിളിച്ചയാൾ മന്ത്രിയോട് സംസാരിക്കണമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തണമെന്നും പറഞ്ഞു. ഹിന്ദിയിലാണ് അജ്ഞാതൻ സംസാരിച്ചത്. മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഡൽഹി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കോൾ റെക്കോർഡുകളുടെയെല്ലാം വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണ്. പ്രതി ലാൻഡ്‌ലൈൻ നമ്പറിൽ വിളിച്ചതിനാൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മുൻപും ഗഡ്കരിക്ക് ഇത്തരം ഭീഷണി സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. നാഗ്പൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് ഈ വർഷം ആദ്യം രണ്ട് ഭീഷണി കോളുകൾ വന്നിരുന്നു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ ഒരു സംഘം മേയ് 9ന് നാഗ്പൂരിൽ പോയി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. കർണാടകയിലെ ബെലഗാവിയിൽ നിന്ന് അറസ്റ്റിലാവുകയും തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്ത കൊലക്കേസ് പ്രതി ജയേഷ് പൂജാരി എന്ന കാന്തയാണ് ഫോൺ വിളിച്ചതെന്ന് പോലീസ് കണ്ടെത്തി.

Similar Posts