തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമയച്ചാൽ 500 രൂപ?; പുതിയ നിയമം കൊണ്ടുവരുമെന്ന് നിതിൻ ഗഡ്കരി
|'യു.എസ്സിൽ ശുചീകരണ തൊഴിലാളികൾക്ക് വരെ കാറുണ്ട്. ഇന്ത്യയിലും ഇതേ അവസ്ഥയുണ്ടാകും. എല്ലാവരും കാർ വാങ്ങുകയാണ്'
ന്യൂഡൽഹി: തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമയച്ചാൽ 500 രൂപ നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ന്യൂഡൽഹിയിൽ നടന്ന 2022 ഡീകാർബണൈസേഷൻ സമ്മിറ്റിൽ തമാശയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
''തെറ്റായി പാർക്ക് ചെയ്യുന്നതിന് ആയിരം രൂപയാണ് പിഴയെങ്കിൽ ഇതിന്റെ ഫോട്ടോയെടുത്ത് അധികൃതർക്ക് അയക്കുന്നയാൾക്ക് 500 രൂപ നൽകണം'' ചെറുചിരിയോടെ ഗതാഗത മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് നിയമനിർമാണം നടക്കുമോയെന്ന് വിവരങ്ങളൊന്നുമില്ല. നഗരങ്ങളിൽ കാറുകളുടെ എണ്ണം കൂടിയതോടെ പാർക്കിങ് വലിയ പ്രശ്‌നമായെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രസ്താവന നടത്തിയത്.
'കുടുംബത്തിലെ ഓരോ അംഗങ്ങളും ചിലപ്പോൾ കാറുകളുണ്ടാകാറുണ്ട്. എന്നാൽ ആരും പാർക്കിങ് സ്ഥലം നിർമിക്കാറില്ല. ഡൽഹിയിലെ വിശാല റോഡുകൾ പാർക്കിങ് കേന്ദ്രങ്ങളായിരിക്കുകയാണ്' ഗഡ്കരി ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ തന്റെ വീട്ടിൽ 12 കാറിനുള്ള സ്ഥലമുണ്ടെന്നും താൻ റോഡിൽ വാഹനം നിർത്തിയിടാറേയില്ലായെന്നും മന്ത്രി പറഞ്ഞു.
'യു.എസ്സിൽ ശുചീകരണ തൊഴിലാളികൾക്ക് വരെ കാറുണ്ട്. ഇന്ത്യയിലും ഇതേ അവസ്ഥയുണ്ടാകും. എല്ലാവരും കാർ വാങ്ങുകയാണ്' ഗഡ്കരി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്ക് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.