'കേരളത്തില്‍ ഒരു കിലോമീറ്റർ ഹൈവേയ്ക്ക് 100 കോടി വേണം': വിഹിതം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് നിതിന്‍ ഗഡ്കരി
|ഭൂമിവിലയുടെ 25 ശതമാനം നൽകാമെന്ന് നേരത്തെ കേരളാ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. ഇതില്‍ നിന്നും കേരളം പിന്മാറിയെന്ന് മന്ത്രി
ഡല്‍ഹി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നല്‍കാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‍സഭയില്‍. ഭൂമിവിലയുടെ 25 ശതമാനം നൽകാമെന്ന് നേരത്തെ കേരളാ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. ഇതില്‍ നിന്നും കേരളം പിന്മാറിയെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.
കേരളത്തില്‍ ഒരു കിലോമീറ്റർ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപ വേണമെന്നാണ് സ്ഥിതി. സംസ്ഥാനത്തെ ദേശീയപാതാ നിർമാണത്തില്‍ ജിഎസ്ടി ഒഴിവാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
കേരളത്തിലെത്തി കൂടുതല്‍ ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ലോക്‍സഭയില്‍ പറഞ്ഞു. 719 ദേശീയപാതാ പദ്ധതികൾ കാലതാമസം നേരിടുന്നുണ്ടെന്നും ഇതിൽ 438 പദ്ധതികൾ നടപ്പു സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി നേരത്തെ പാര്‍ലമെന്‍റിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ് കുറയ്ക്കാത്തതില്‍ കേരളത്തെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചപ്പോഴും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറയ്ക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.