ബിഹാറില്‍ വീണ്ടും മഹാസഖ്യം; നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ നാളെ
|164 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍
പറ്റ്ന: ബിഹാറില്‍ പുതിയ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ വൈകീട്ടാണ് സത്യപ്രതിജ്ഞ ചെയ്യുക. മഹാസഖ്യത്തിന് 164 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. 7 പാര്‍ട്ടികളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം ഗവര്‍ണറെ കണ്ട നിതീഷ് കുമാര്‍, എം.എല്‍.എമാരുടെ പിന്തുണക്കത്ത് കൈമാറി. ബിഹാറിലെ ജനങ്ങൾ ബിജെപിക്ക് എതിരാണെന്നും മഹാഗഡ്ബന്ധൻ ജനാധിപത്യം സംരക്ഷിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പി സഖ്യം ഉപേക്ഷിച്ചാണ് ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനുമൊപ്പം ജെ.ഡി.യു വീണ്ടും അധികാരത്തിലെത്തുന്നത്.
അതേസമയം ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. ബിഹാറിലെ ജനങ്ങളെ നിതീഷ് ചതിച്ചെന്ന് ബി.ജെ.പിയുടെ ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. 2020ല്‍ എൻ.ഡി.എയെ ആണ് ബിഹാര്‍ ജനത ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തേജസ്വി യാദവ് ഉപമുഖ്യമന്ത്രി
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് നിതീഷ് കുമാർ എൻ.ഡി.എ ബന്ധം അവസാനിപ്പിച്ചത്. ബി.ജെ.പി മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയതു പോലെ ബിഹാറില്‍ ജെ.ഡി.യുവിനുള്ളില്‍ വിമതനീക്കം നടത്തുമോ എന്ന ആശങ്ക നിതീഷ് കുമാര്‍ ക്യാമ്പിനുണ്ടായിരുന്നു.
ബി.ജെ.പി അപമാനിക്കുകയാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.പട്നയിൽ ചേർന്ന യോഗത്തിൽ ജെഡിയു എംഎൽഎമാരോടും എംപിമാരോടും സാഹചര്യം വിവരിക്കുകയും മുഴുവൻ പേരുടെയും പിന്തുണ ഉറപ്പിക്കുകയും ചെയ്തതിന് ശേഷമാണ് നിർണായക തീരുമാനമെടുത്തത്. 4 മണിയോടെ ഗവർണർ ഫാഗു ചൗഹാനെ നേരിൽ കണ്ട നിതീഷ് കുമാർ രാജിക്കത്ത് നൽകി.
മഹാഗഡ്ബന്ധൻ 2.0 യിലും നിതിഷ് കുമാർ മുഖ്യമന്ത്രിയായി തുടരും. തേജസ്വി യാദവായിരിക്കും ഉപമുഖ്യമന്ത്രി. മന്ത്രിസഭയിൽ എല്ലാ പാർട്ടികൾക്കും പരിഗണന നൽകും. മഹാഗഡ്ബന്ധൻ സഖ്യം ഉറപ്പായതിന് പിന്നാലെ നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുമായി കൂടിക്കാഴ്ച നടത്തി.