'നിതീഷ് കുമാർ ബി.ജെ.പിയുമായി ചർച്ചയിൽ; വീണ്ടും സഖ്യത്തിലേക്ക്'; വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ
|ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ നിതീഷ് കുമാർ സജീവ സഖ്യം സജ്ജമാക്കുമെന്ന് കരുതുന്നവരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വരാനിരിക്കുന്നതെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെട്ടു
പാട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബി.ജെ.പിയുമായി ചർച്ച തുടരുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അധികം വൈകാതെ വീണ്ടും ബി.ജെ.പിയുമായി സഖ്യം ചേരുമെന്നും പ്രശാന്ത് അവകാശപ്പെട്ടു. എന്നാൽ, ജെ.ഡി.യു റിപ്പോർട്ട് തള്ളിയിട്ടുണ്ട്.
രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ഭാഗമായി ബിഹാറിൽ നടത്തുന്ന പദയാത്രയ്ക്കിടെ വാർത്താ ഏജൻസിയായ പി.ടി.ഐയോടാണ് പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തൽ. ''ബി.ജെ.പിയുമായി നിതീഷ് ചർച്ച തുടരുകയാണ്. ജെ.ഡി.യു എം.പിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സനുമായ ഹരിവംശ് ആണ് ഇതിനു മാധ്യസ്ഥം വഹിക്കുന്നത്''-പ്രശാന്ത് പറഞ്ഞു.
നിതീഷ് കുമാർ ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ സജീവ സഖ്യം സജ്ജമാക്കുമെന്ന് കരുതുന്നവരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വരാനിരിക്കുന്നതെന്നാണ് പ്രശാന്ത് അവകാശപ്പെട്ടത്. അദ്ദേഹം ബി.ജെ.പിയുമായി ചർച്ച തുടരുകയാണ്. അതുകൊണ്ടാണ് ബിഹാറിൽ ബി.ജെ.പി സഖ്യം വിട്ടിട്ടും ഹരിവംശിനോട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ ജെ.ഡി.യു ആവശ്യപ്പെടാതിരുന്നത്. അനുകൂലമായ സാഹചര്യം എപ്പോൾ വന്നാലും അദ്ദേഹം ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
പ്രശാന്തിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹരിവംശ് തയാറായിട്ടില്ല. എന്നാൽ, ആരോപണങ്ങൾ ശക്തമായി തള്ളിക്കളയുന്നതായി ജെ.ഡി.യു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചു. ഇനിയൊരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് നിതീഷ് കുമാർ പരസ്യമായി പ്രഖ്യാപിച്ചതാണ്. 50 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ് നിതീഷ്. പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രശാന്ത് തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയിരിക്കുന്നതെന്നും ത്യാഗി വിമർശിച്ചു.
ഈ മാസം രണ്ടിന് വെസ്റ്റ് ചംപാരനിലെ ഗാന്ധി ആശ്രമത്തിൽനിന്നാണ് പ്രശാന്ത് കിഷോർ പദയാത്രയ്ക്ക് തുടക്കമിട്ടത്. ബിഹാറിന്റെ ഗ്രാമങ്ങളിലൂടെ നടക്കുന്ന യാത്ര 15 മാസത്തോളം നീണ്ടുനിൽക്കുമെന്നാണ് പറയുന്നത്. 3,500 കി.മീറ്ററാണ് യാത്രയുടെ ഭാഗമായി പിന്നിടുക.
Summary: Political strategist Prashant Kishor claimed that Bihar Chief Minister Nitish Kumar is in touch with the BJP and that he may go for a tie-up with the party again if situation demands so