India
ജാതിസെന്‍സസ് നടത്താനുള്ള നീക്കവുമായി നിതീഷ് കുമാര്‍; പ്രതികരിക്കാതെ ബി.ജെ.പി
India

ജാതിസെന്‍സസ് നടത്താനുള്ള നീക്കവുമായി നിതീഷ് കുമാര്‍; പ്രതികരിക്കാതെ ബി.ജെ.പി

Web Desk
|
23 May 2022 1:03 PM GMT

കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞു മാറുന്നതിനാൽ സമ്മർദം ശക്തമാക്കുകയാണ് നിതീഷ് കുമാർ

പറ്റ്ന: സഖ്യകക്ഷിയായ ബി.ജെ.പിക്ക് തലവേദനയായി ബിഹാറില്‍ ജാതിസെന്‍സസ് നടത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നോട്ട്. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി സര്‍വകക്ഷി യോഗം വിളിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായില്ല.

ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞു മാറുന്നതിനാൽ സമ്മർദം ശക്തമാക്കുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിന്റെ ജെ.ഡി.യു കൂടി അംഗമായ എൻ.ഡി.എ വിഷയത്തില്‍ നിലപാടെടുത്തിട്ടില്ല. ബിഹാറിലെ പാർട്ടികളുടെ അഭിപ്രായം അറിയിക്കുന്നതിനാണ് നിതീഷ് വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചത്.

ജാതി സെൻസസിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ നിതീഷ് കുമാറിനൊപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രി താരാ കിഷോർ പ്രസാദ് മൗനം പാലിച്ചു. ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും നേരത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് വിഷയം വീണ്ടും സജീവമാക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കം.

ജാതി സെന്‍സസില്‍ തീരുമാനമായില്ലെങ്കില്‍ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് തേജസ്വി യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ നിതീഷ് കുമാര്‍ തേജസ്വി യാദവിനെ സന്ദര്‍ശിച്ചു. ബി.ജെ.പിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ സ്വന്തം നിലയിൽ സെൻസസ് എന്ന ആശയമാണ് ബിഹാർ മുന്നോട്ട് വെയ്ക്കുന്നത്.

Summary- Bihar Chief Minister Nitish Kumar today said his government would soon start work on a caste census after taking the views of all parties, backing opposition leader Tejashwi Yadav's demand while lining up a new snub for ally BJP.

Similar Posts