India
‘Nitish Kumar could become the prime minister if he remains with the INDIA bloc: Says SP leader Akhilesh Yadav, Nitish Kumar-Akhilesh Yadav, Nitish Kumar could become the PM-Akhilesh Yadav
India

ഇൻഡ്യയ്‌ക്കൊപ്പം നിന്നാൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാം-അഖിലേഷ് യാദവ്

Web Desk
|
26 Jan 2024 1:36 PM GMT

ഇൻഡ്യ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ജെ.ഡി.യു ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുഷ്‌വാഹ വ്യക്തമാക്കിയിരുന്നു

ലഖ്‌നൗ: ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻ.ഡി.എയിലേക്കു മടങ്ങിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അഖിലേഷ് യാദവ്. ഇൻഡ്യ സഖ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമെന്ന് എസ്.പി തലവൻ പറഞ്ഞു. സഖ്യത്തിൽ ആരും പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുണ്ടെന്നും അഖിലേഷ് പറഞ്ഞു.

ഇൻഡ്യ സഖ്യത്തിന്റെ കൺവീനർ സ്ഥാനം നിതീഷ് കുമാർ നിരസിച്ചിരുന്നു. നേരത്തെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സഖ്യത്തിന്റെ ചെയർപേഴ്‌സനാക്കിയതിലും നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ബി.ജെ.പിയുമായി ചർച്ച നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ, കൺവീനർ കോൺഗ്രസുകാരനാകണമെന്നാണ് നിതീഷിന്റെ നിലപാടെന്നാണ് ജെ.ഡി.യു നേതാവ് സഞ്ജയ് കുമാർ ഝാ പ്രതികരിച്ചത്.

മറുകണ്ടം ചാടിയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജെ.ഡി.യു നേതാവ് ഉമേഷ് സിങ് കുഷ്‌വാഹ നേരത്തെ രംഗത്തെത്തിയിരുന്നു. ഇൻഡ്യ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്നാണ് ജെ.ഡി.യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കിയത്. ബി.ജെ.പിക്കൊപ്പം ചേരുമെന്ന വാർത്തകൾ ചിലരുടെ അജണ്ടയുടെ ഭാഗമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികളുമായും സീറ്റ് വിഭജനവുമായും ബന്ധപ്പെട്ട് കോൺഗ്രസ് പുനരാലോചന നടത്തണമെന്നും കുഷ്വാഹ സൂചിപ്പിച്ചു. പാട്നയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ ഭരണകക്ഷിയായ മഹാഘഡ്ബന്ധനിൽ എല്ലാ കാര്യങ്ങളും നല്ല നിലയിലാണ്. മാധ്യമപ്രചാരണങ്ങൾ ചില അജണ്ടകളുടെ ഭാഗമാണെന്നും ഉമേഷ് കുഷ്വാഹ വ്യക്തമാക്കി.

മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നലെയും ഇന്നുമെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു. അതു പതിവു കൂടിക്കാഴ്ച മാത്രമാണ്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നും വസ്തുതയില്ല. പാർട്ടി എം.എൽ.എമാരോട് പാട്നയിലെത്താൻ നിർദേശിച്ചിട്ടില്ലെന്നും തങ്ങൾ ഇൻഡ്യ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

Summary: ‘Nitish Kumar could become the prime minister if he remains with the INDIA bloc': Says SP leader Akhilesh Yadav

Similar Posts