India
Sushil Modi

സുശീല്‍ കുമാര്‍ മോദി

India

റെയ്ഡുകളില്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് സന്തോഷം, തേജസ്വി ജയിലിലാകണമെന്നാണ് നിതീഷിന്‍റെ ആഗ്രഹം: സുശീല്‍ കുമാര്‍ മോദി

Web Desk
|
14 March 2023 2:51 AM GMT

ലാലു പ്രസാദിനും കുടുംബത്തിനുമെതിരായ റെയ്ഡിന് ശേഷം കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പിടിച്ചെടുത്തതായും 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇ.ഡി ശനിയാഴ്ച അറിയിച്ചു

പാറ്റ്ന: ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും വീടുകളില്‍ നടക്കുന്ന റെയ്ഡില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സന്തോഷമാണെന്നും ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് ജയിലില്‍ പോകണമെന്നാണ് നിതീഷിന്‍റെ ആഗ്രഹമെന്നും ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി. തേജസ്വിയുടെ ഡൽഹിയിലെ വസതിയിലും ലാലുവിന്‍റെ മറ്റ് സഹായികളുടെയും വീട്ടില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെയാണ് സുശീലിന്‍റെ പ്രസ്താവന.

ഭൂമി കുംഭകോണത്തിൽ ലാലു യാദവിനും കുടുംബാംഗങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ചാണ് കേന്ദ്ര ഏജൻസികളായ ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കുന്നത്. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) നിതീഷ് കുമാറിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും അത് ഇപ്പോൾ അവസാനിക്കുമെന്നും സുശീൽ മോദി പറഞ്ഞു.

ലാലു പ്രസാദിനും കുടുംബത്തിനുമെതിരായ റെയ്ഡിന് ശേഷം കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പിടിച്ചെടുത്തതായും 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇ.ഡി ശനിയാഴ്ച അറിയിച്ചു. കേസിൽ തേജസ്വി യാദവിനെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി സിബിഐ വിളിച്ചിരുന്നുവെങ്കിലും ഹാജരായില്ല, വ്യക്തിപരമായ കാരണങ്ങളാലാണ് ഹാജരാകാതിരുന്നത്. കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദിനെയും ഭാര്യ റാബ്‌റി ദേവിയെയും അടുത്തിടെ ഏജൻസി ചോദ്യം ചെയ്തിരുന്നു.ലാലു റെയില്‍വെ മന്ത്രിയായിരിക്കെ റെയില്‍വെയിലെ നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതി വാങ്ങിയെന്നാണ് കേസ്.

Similar Posts