‘മോദി മുഖ്യമന്ത്രിയാകണം’; വീണ്ടും നാക്കുപിഴച്ച് നിതീഷ് കുമാർ
|2020-ൽ അന്തരിച്ച രാം വിലാസ് പാസ്വാന് വോട്ട് ചെയ്യാൻ നിതീഷ് ആഹ്വാനം ചെയ്തിരുന്നു
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് നിർദേശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പറ്റ്നയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് നിതീഷിന് നാക്കുപിഴ സംഭവിച്ചത്.
‘ഇന്ത്യയിലുടനീളം 400-ലധികം സീറ്റുകൾ നേടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകണം. അപ്പോൾ ഇന്ത്യ വികസിക്കും, ബിഹാർ വികസിക്കും, എല്ലാം സംഭവിക്കും’ -നിതീഷ് കുമാർ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കൾ ഉടൻ തന്നെ 73കാരനായ നിതീഷിനെ തിരുത്തി. താൻ ഉദ്ദേശിച്ചത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി വരണമെന്നാണെന്ന് പിന്നീട് നിതീഷ് പറഞ്ഞു. നിലവിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാണ്. അദ്ദേഹം അതേരീതിയിൽ മുന്നോട്ടുപോകണമെന്ന് ഞാൻ പറയുകയാണ്. അതാണ് എനിക്ക് വേണ്ടതെന്നും നിതീഷ് കൂട്ടിച്ചേർത്തു.
2020-ൽ അന്തരിച്ച രാം വിലാസ് പാസ്വാന് വോട്ട് ചെയ്യാൻ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലിയിൽ നിതീഷ് കുമാർ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അബദ്ധം സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 4000 സീറ്റുകൾ നേടുമെന്നും ബിഹാർ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.