പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ അതൃപ്തി
|അതേസമയം സീറ്റ് വിഭജന ചർച്ചകൾ ഇൻഡ്യ മുന്നണി ഉടൻ ആരംഭിക്കും
ഡല്‍ഹി: മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇൻഡ്യ മുന്നണിയിൽ അതൃപ്തി . ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി എന്ന സൂചന. യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ ഇരു നേതാക്കളും നേരത്തെ മടങ്ങി. അതേസമയം സീറ്റ് വിഭജന ചർച്ചകൾ ഇൻഡ്യ മുന്നണി ഉടൻ ആരംഭിക്കും.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജ്ജുൻ ഖാർഗെ വരണമെന്ന അഭിപ്രായം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് മുന്നോട്ടുവച്ചത്.ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ എല്ലാ നേതാക്കളും ഈ അഭിപ്രായം അംഗീകരിക്കാൻ തയ്യാറായിട്ടില്ല.ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കൊണ്ടു വരുന്നതിൽ കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന .അതൃപ്തി വ്യക്തമാക്കി ഇരുനേതാക്കളും യോഗം അവസാനിക്കാൻ പോലും കാത്തുനിൽക്കാതെ മടങ്ങിയിരുന്നു.
അതേസമയം ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തിൽ അവസാന തീരുമാനം ഉണ്ടാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. സീറ്റ് വിഭജനത്തിൽ സംസ്ഥാന തലത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് ദേശീയ തലത്തിൽ പരിഹരിക്കും. രാജ്യത്തുടനീളം പത്തോളം യോഗങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. ചർച്ചകൾ പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി അവസാനത്തോടെ ആരംഭിക്കാനാണ് ഇൻഡ്യ മുന്നണി തീരുമാനം.