നിതീഷ് കുമാർ എൻ.ഡി.എ വിടുന്നു? സോണിയാഗാന്ധിയുമായി ചർച്ച നടത്തി
|നിതീഷ് ബിജെപിയുമായി ഇടഞ്ഞതോടെ ബീഹാറിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്
ഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ എൻ.ഡി.എ വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സാണിയ അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി നിതീഷ്‌കുമാർ ചർച്ച നടത്തിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ ശക്തമായത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് കുമാർ ഫോണിൽ സംസാരിച്ചുവെന്നാണ് വിവരം. മറ്റ് നേതാക്കളുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിതീഷ് കുമാർ ബിജെപിയുമായി ഇടഞ്ഞതോടെ ബീഹാറിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയുമായി നിരവധി വിഷയങ്ങളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് എൻ.ഡി.എ ഘടകകക്ഷി ജെ.ഡി.യു തലവൻ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്.
കടുത്ത അഭിപ്രായ ഭിന്നതകളാണ് ബി.ജെ.പിയുമായി ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്.കോൺഗ്രസ് പാർട്ടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ നിതീഷ്‌കുമാറിന്റെ വരവ് പ്രതിപക്ഷ പാർട്ടിക്ക് ഗുണമുണ്ടാക്കിയേക്കും.എൻഡിഎ വിട്ട് പുറത്തു വന്നാൽ പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അടുത്ത 24 മണിക്കൂർ വരെ കാത്തിരിക്കാനും പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.