നിതീഷ് കുമാറിന്റെ എൻ.ഡി.എ പ്രവേശനത്തിൽ ഇന്ന് തീരുമാനം?
|മുഖ്യമന്ത്രിപദം ഒഴിയാതെ എൻ.ഡി.എയുടെ ഭാഗമാകാനാണ് നിതീഷ് കുമാറിന്റെ ശ്രമം.
ന്യൂഡൽഹി: നിതീഷ് കുമാറിന്റെ എൻ.ഡി.എ പ്രവേശനത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിപദം ഒഴിയാതെ എൻ.ഡി.എയുടെ ഭാഗമാകാനാണ് നിതീഷ് കുമാറിന്റെ ശ്രമം. നിതീഷ് കുമാറിനെ ഇൻഡ്യ മുന്നണിയിൽ നിലനിർത്താൻ സാധ്യമായ എല്ലാ വഴികളും കോൺഗ്രസ് ആലോചിക്കും.
ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ മുന്നണി വിടുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് ഇൻഡ്യ മുന്നണി വിലയിരുത്തൽ. നിതീഷ് കുമാർ മുന്നണി വിട്ടുപോകാതിരിക്കാൻ ബിഹാറിലെ സീറ്റ് വിഭജന ചർച്ചകളിൽ നാളെയോടെ പ്രതിപക്ഷം ധാരണയിലെത്തും. എന്നാൽ ബി.ജെ.പിയുമായുള്ള സഹകരണത്തിന് അവസാനഘട്ട ചർച്ചകളും ജെ.ഡി.യു പൂർത്തിയാക്കിയിട്ടുണ്ട്. നിതീഷ് കുമാർ മുഖ്യമന്ത്രിപദം രാജിവയ്ക്കണമെന്ന ആവശ്യമാണ് കേന്ദ്രനേതൃത്വം ബിഹാർ ബി.ജെ.പി നേതാക്കൾക്ക് മുന്നിൽവച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റുകൾ ജെ.ഡി.യുവുമായി തുല്യമായി പങ്കുവെക്കാനും ബി.ജെ.പി തയ്യാറാണ്. നിതീഷ് കുമാറുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയ ആർ.ജെ.ഡി നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ നീക്കങ്ങൾ ചർച്ച ചെയ്തു. നിതീഷ് കുമാറുമായി ഫോണിൽ ബന്ധപ്പെട്ട ലാലു പ്രസാദ് യാദവിനും അനുകൂലമായ മറുപടിയല്ല മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ചത് എന്നാണ് സൂചന.