'ഞാൻ ബഹുമാനിച്ചവരെല്ലാം എന്നെ അപമാനിച്ചിട്ടുണ്ട്'; പ്രശാന്ത് കിഷോറിനു മറുപടിയുമായി നിതീഷ് കുമാർ
|രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ ഹരിവംശിന്റെ മധ്യസ്ഥതയിൽ എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചുപോകാൻ നിതീഷ് കുമാർ ചർച്ച നടത്തുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയത്
പാട്ന: ബി.ജെ.പിയുമായി ചർച്ച തുടരുന്നുണ്ടെന്ന പ്രശാന്ത് കിഷോറിന്റെ ആരോപണത്തിനു മറുപടിയുമായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി-യു നേതാവുമായ നിതീഷ് കുമാർ. പ്രശസ്തിയുണ്ടാക്കാൻ വേണ്ടിയാണ് പ്രശാന്ത് സംസാരിക്കുന്നതെന്നും നിതീഷ് പറഞ്ഞു.
അദ്ദേഹം സ്വന്തം പ്രശസ്തിക്കു വേണ്ടിയാണ് അതെല്ലാം പറയുന്നത്. വേണ്ടതു പറഞ്ഞോട്ടെ. ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹം ചെറുപ്പക്കാരനാണ്. അദ്ദേഹത്തെ ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ ബഹുമാനിച്ചവരെല്ലാം എന്നെ അപമാനിച്ചിട്ടുണ്ട്-നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷ് കുമാർ ബി.ജെ.പിയുമായി ചർച്ച തുടരുന്നുണ്ടെന്നും അധികം വൈകാതെ വീണ്ടും ബി.ജെ.പിയുമായി സഖ്യം ചേരുമെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം. ബിഹാറിൽ നടത്തുന്ന പദയാത്രയ്ക്കിടെ വാർത്താ ഏജൻസിയായ പി.ടി.ഐയോടാണ് പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തൽ. ജെ.ഡി-യു എം.പിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സനുമായ ഹരിവംശ് ആണ് ഇതിനു മാധ്യസ്ഥം വഹിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
നിതീഷ് കുമാർ ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ സജീവ സഖ്യം സജ്ജമാക്കുമെന്ന് കരുതുന്നവരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വരാനിരിക്കുന്നതെന്നാണ് പ്രശാന്ത് അവകാശപ്പെട്ടത്. അദ്ദേഹം ബി.ജെ.പിയുമായി ചർച്ച തുടരുകയാണ്. അതുകൊണ്ടാണ് ബിഹാറിൽ ബി.ജെ.പി സഖ്യം വിട്ടിട്ടും ഹരിവംശിനോട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ ജെ.ഡി.യു ആവശ്യപ്പെടാതിരുന്നത്. അനുകൂലമായ സാഹചര്യം എപ്പോൾ വന്നാലും അദ്ദേഹം ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
പ്രശാന്തിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹരിവംശ് തയാറായിട്ടില്ല. എന്നാൽ, ആരോപണങ്ങൾ ശക്തമായി തള്ളിക്കളയുന്നതായി ജെ.ഡി.യു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചു. ഇനിയൊരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് നിതീഷ് കുമാർ പരസ്യമായി പ്രഖ്യാപിച്ചതാണ്. 50 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ് നിതീഷ്. പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രശാന്ത് തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയിരിക്കുന്നതെന്നും ത്യാഗി വിമർശിച്ചു.
Summary: 'He speaks for his own publicity': Nitish Kumar hits back at Prashant Kishor