'ബിഹാറിന് പ്രത്യേക പദവി വേണം'; പ്രമേയം പാസാക്കി ജെ.ഡി (യു)
|മൂന്നാം മോദി സർക്കാരിന്റെ നിലനിൽപ്പിന് ജെ.ഡി (യു) പിന്തുണ നിർണായകമായതിനാൽ പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സവിശേഷ പ്രധാന്യമുണ്ട്.
പട്‌ന: ബിഹാറിന് പ്രത്യേക പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജെ.ഡി (യു). ബിഹാറിന് പ്രത്യേക പദവിയോ സാമ്പത്തിക പാക്കേജോ വേണമെന്ന് ജെ.ഡി (യു) ദേശീയ എക്‌സിക്യൂട്ടീവ് കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നാം മോദി സർക്കാരിന്റെ നിലനിൽപ്പിന് ജെ.ഡി (യു) പിന്തുണ നിർണായകമായതിനാൽ പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സവിശേഷ പ്രധാന്യമുണ്ട്.
സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന് ജെ.ഡി (യു)വിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക പദവി ലഭിച്ചാൽ സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതിവിഹിതം വർധിക്കും. ഇത് സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സഹായകരമാവുമെന്നാണ് ജെ.ഡി (യു) നിലപാട്.
സഞ്ജയ് ഝായെ പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റാക്കിയുള്ള തീരുമാനം എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. എൻ.ഡി.എയിൽ തുടരാനും യോഗം തീരുമാനിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയിൽ കർശന നടപടി വേണമെന്നും പരീക്ഷാ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നും ജെ.ഡി (യു) ആവശ്യപ്പെട്ടു.