India
ജാതി സെൻസസ് നടത്തണം: ബിഹാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
India

ജാതി സെൻസസ് നടത്തണം: ബിഹാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

Web Desk
|
23 Aug 2021 12:47 AM GMT

ബിഹാറിലെ ഭൂരിപക്ഷം പാർട്ടികളും ജാതി സെൻസസിനായി വാദിക്കുമ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ഭരണകക്ഷി കൂടിയായ ബിജെപി

ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും. ബിഹാറിലെ ഭൂരിപക്ഷം പാർട്ടികളും ജാതി സെൻസസിനായി വാദിക്കുമ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ഭരണകക്ഷി കൂടിയായ ബിജെപി. ജാതി സെൻസസിനുള്ള ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സർക്കാർ വഴങ്ങുമോ എന്ന് ഇന്നറിയാം.

1931നു ശേഷം രാജ്യത്ത് ജാതി സെൻസസ് നടന്നിട്ടില്ല. ഒബിസി വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തിയേ തീരൂ എന്ന നിര്‍ബന്ധത്തിലാണ് ബിഹാറിലെ ബിജെപി ഒഴികെയുള്ള പാർട്ടികൾ. ബിഹാറിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവാണ് ഇങ്ങനെയൊരു നീക്കത്തിന് മുൻകൈയെടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഈ വിവരം ധരിപ്പിച്ചപ്പോൾ, ജാതി സെൻസസിനായി പ്രധാനമന്ത്രിയെ സന്ദർശിച്ച് ആവശ്യം ഉന്നയിക്കാം എന്നാണ് അറിയിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്.

ഒബിസി നിർണയ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്ന ബിൽ പാസാക്കിയതിന്‍റെ ഗുണം ലഭിക്കണമെങ്കിൽ ജാതി സെൻസസ് അനിവാര്യമാണെന്ന് യാദവ പാർട്ടികൾ വാദിക്കുന്നു. വിഷയം കൂടുതൽ ആഴത്തിൽ ചർച്ച ചെയ്താൽ ബിഹാറിൽ മാത്രമല്ല യുപി തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെയാണ്‌ ജാതി സെൻസസിനെ ബിജെപി സമീപിക്കുന്നത്.

Related Tags :
Similar Posts