India
നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് മടങ്ങിയേക്കും?;  ജെ.ഡി.യു എം.എൽ.എമാരോട് പട്‌നയിലെത്താൻ നിർദേശം
India

നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് മടങ്ങിയേക്കും?; ജെ.ഡി.യു എം.എൽ.എമാരോട് പട്‌നയിലെത്താൻ നിർദേശം

Web Desk
|
25 Jan 2024 2:39 PM GMT

അഭ്യൂഹങ്ങൾ ശക്തമായതോടെ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി ഫോണിൽ ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: 'ഇൻഡ്യ' മുന്നണിയിൽ ഭിന്നത രൂക്ഷം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ ഡി എയിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. ബിഹാർ സംസ്ഥാന നേതാക്കളെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെയാണ് എന്‍ഡിഎയിലേക്ക് മടങ്ങാന്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ പടരുന്നത്.

മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ നിതീഷ് കുമാര്‍ നടത്തിയ കുടുംബാധിപത്യ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് ഉൾപ്പടെ എന്‍ഡിഎയിലേക്ക് മടങ്ങാന്‍ നിതീഷിന് മുന്നില്‍ ബിഹാർ ബി.ജെ.പി നിബന്ധനകള്‍ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നീക്കത്തിന്റെ ഭാഗമായി ബിഹാറിലെ ബി.ജെ.പി സംസ്ഥാന നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.

അതേസമയം, അഭ്യൂഹങ്ങൾ ശക്തമായതോടെ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി ഫോണിൽ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ മുതിർന്ന പാർട്ടി നേതാക്കളുടെ അടിയന്തരയോഗവും ആർജെഡി വിളിച്ചു ചേർത്തിട്ടുണ്ട്. ജെഡിയുവിലെ മുതിർന്ന നേതാക്കളുമായി നിതീഷ് കുമാറും ചർച്ച നടത്തുന്നുണ്ട്. അതേസമയം, ബംഗാളിലും 'ഇൻഡ്യ' തർക്കങ്ങൾ തുടരുകയാണ് . ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ തീരുമാനത്തിനെതിരെ എതിരെ സിപിഎം രംഗത്ത് എത്തി. സഖ്യം വിടാൻ മമത ഓരോ കാരണം കണ്ടെത്തുകയാണെന്ന് ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വിമർശിച്ചു. പ്രശ്നങ്ങൾ ചർച്ചകൾ നടത്തി പരിഹരിക്കുവാനാണ് കോൺഗ്രസ്‌ നീക്കം നടത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബംഗാളിൽ എത്തിയ രാഹുൽ ഗാന്ധി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.


Related Tags :
Similar Posts