ബിജെപി നേതൃത്വവുമായി ഉടക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല
|ജൂലൈ 17ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ദേശീയ പതാകയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് യോഗം വിളിച്ചത്. ബിഹാർ ഉപമുഖ്യമന്ത്രി ടർകിഷോർ പ്രസാദ് യോഗത്തിൽ പങ്കെടുത്തിരുന്നു.
പാട്‌ന: ബിജെപി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിതീഷ് കുമാർ പങ്കെടുക്കില്ല. അടുത്തിടെ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട പല പരിപാടികളിൽനിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ നിതീഷ് കുമാർ ബഹിഷ്‌കരിക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ.
ജൂലൈ 17ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ദേശീയ പതാകയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് യോഗം വിളിച്ചത്. ബിഹാർ ഉപമുഖ്യമന്ത്രി ടർകിഷോർ പ്രസാദ് യോഗത്തിൽ പങ്കെടുത്തിരുന്നു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും നിതീഷ് പങ്കെടുത്തിരുന്നില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉള്ളതിനാലാണ് പങ്കെടുക്കാത്തത് എന്നതായിരുന്നു വിശദീകരണം. എന്നാൽ ഈ പരിപാടി വൈകീട്ട് നാല് മണിയോടെ അവസാനിച്ചിരുന്നു.
ബിഹാർ നിയമസഭയുടെ ശതാബ്ദി ആഘോഷ പരിപാടിയിലേക്ക് അദ്ദേഹത്തെ അറിയിക്കാതെ ബിജെപി നേരിട്ട് പ്രധാനമന്ത്രിയെ ക്ഷണിച്ചതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. സ്പീക്കർ വിജയ് കുമാർ സിൻഹയാണ് മോദിയെ ക്ഷണിച്ചത്. സ്പീക്കർ നേരത്തെയും നീതീഷുമായി പല വിഷയങ്ങളിലും ഏറ്റുമുട്ടിയിരുന്നു. പരിപാടിയുടെ സമാപനത്തിൽ സംസാരിച്ച വിജയ് കുമാർ സിൻഹ മുഖ്യമന്ത്രിയുടെ പേര് പോലും പരാമർശിച്ചില്ല. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സോവനീറിൽനിന്നും നിതീഷിന്റെ ഫോട്ടോ ഒഴിവാക്കുകയും ചെയ്തിരുന്നു.
വിജയ് കുമാർ സിൻഹയെ സ്പീക്കർ പദവിയിൽനിന്ന് മാറ്റുക, ബിജെപി നേതാക്കൾ പരസ്യമായി സർക്കാറിനെ വിമർശിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് നിതീഷ് കുമാർ മുന്നോട്ടുവെക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കാൻ അമിത് ഷാ തീരുമാനിച്ചതോടെയാണ് ബിജെപി ബിഹാർ ഘടകവും നിതീഷ് കുമാറുമായുള്ള പോര് തുടങ്ങിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ബിജെപി നേതാക്കൾ സർക്കാറിനെ വിമർശിക്കുന്നത് പതിവാണ്.