നിതീഷ് കുമാർ പാലം വലിച്ചു; 'ഇന്‍ഡ്യ' മുന്നണിയിൽ പ്രതിസന്ധി
|നിതീഷ് കുമാറിന്റെ നിറം മാറ്റം ഓന്തിനെ വെല്ലുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു
ന്യൂഡല്‍ഹി: നിതീഷ് കുമാർ പാലം വലിച്ചതോടെ 'ഇന്‍ഡ്യ' മുന്നണിയിൽ പ്രതിസന്ധി. പോയവർ പോകട്ടെയെന്നും മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നിതീഷ് കുമാറിന്റെ നിറം മാറ്റം ഓന്തിനെ വെല്ലുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.
ബി.ജെ.പിക്കെതിരെ 'ഇന്‍ഡ്യ മുന്നണി രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നിതീഷാണ് നിലപാടിൽ മലക്കം മറിഞ്ഞത്. സീറ്റ് ചർച്ചകൾ പുരോഗമിക്കുമ്പോളാണ് മുന്നണിക്ക് നിതീഷിന്റ പ്രഹരം. എൻഡിഐയിൽ ചേരുന്നതിൽ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷിന്റ പെട്ടെന്നുള്ള മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.
മുന്നണിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ദലിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നിർദേശത്തിൽ ക്ഷുഭിതനായ നിതീഷ്, മുന്നണി കൺവീനർ സ്ഥാനം നിരസിച്ചായിരുന്നു പ്രതിഷേധം അറിയിച്ചത്.
മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും പറയാനുള്ളത് കേട്ടിരുന്നെങ്കില്‍ ഈ കൂടുമാറ്റം ഒഴിവാക്കാമായിരുന്നുവെന്നും മുന്നണിയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. മുന്നണിയെ തകർക്കുന്നത് കോൺഗ്രസ് ആണെന്ന് ജെഡിയു ആരോപിച്ചിരുന്നു. സഖ്യകക്ഷികൾ എന്തുകൊണ്ട് അകലുന്നുവെന്ന് പരിശോധിക്കണമെന്നും ജെ.ഡി.യു എം.എല്‍.സി നീരജ് കുമാർ പറഞ്ഞു.
ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ഇൻഡ്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതേന്നുമാണ് മല്ലികാർജുൻ ഖർഗെയുടെ പ്രതികരണം. ബംഗാളി ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജിയും പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കും ഭഗവന്ത് മാനും പ്രഖ്യാപിച്ചതോടെ സീറ്റ് ചർച്ചകൾക്ക് വേഗതക്കൂട്ടി ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം.