2026 നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി എഐഎഡിഎംകെ സഖ്യത്തിനില്ല; എടപ്പാടി പളനിസ്വാമി
|എൻഡിഎയുടെ അവകാശവാദങ്ങളെ നിരാകരിച്ച പളനിസ്വാമി എഐഎഡിഎംകെയുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്കും പോയിട്ടില്ലെന്നും പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയോടുള്ള എതിർപ്പ് കൂടുതൽ ശക്തമാക്കി പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. '2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി എഐഎഡിഎംകെ മത്സരിക്കില്ല'- സേലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പളനിസ്വാമി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ- ബിജെപി സഖ്യം ഉണ്ടായിരുന്നെങ്കിൽ കാര്യമായ വിജയം നേടിയേനെ എന്നും അതുവഴി തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തെ തടയാൻ കഴിഞ്ഞേനെയെന്നും ഇരു പാർട്ടികളിലെയും നേതാക്കളുടെ അവകാശവാദങ്ങൾക്കിടയിലാണ് പളനിസ്വാമിയുടെ വിശദീകരണം.
സംസ്ഥാനത്തുടനീളമുള്ള എല്ലാ എഐഎഡിഎംകെ സ്ഥാനാർഥികൾക്കും വേണ്ടി താൻ ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയത്. അതേസമയം എൻഡിഎയ്ക്കും ഇൻഡ്യ സഖ്യത്തിനും നിരവധി ദേശീയ- സംസ്ഥാന നേതാക്കൾ ഉണ്ടായിരുന്നു. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ വോട്ട് വിഹിതം ഒരു ശതമാനം വർധിപ്പിക്കാനായെന്നും ഇത് വിജയമാണെന്നും എടപ്പാടി പളനിസ്വാമി അവകാശപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ അവകാശവാദങ്ങളെ നിരാകരിച്ച പളനിസ്വാമി എഐഎഡിഎംകെയുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്കും പോയിട്ടില്ലെന്നും പറഞ്ഞു.
'തമിഴ്നാട്ടിൽ ബിജെപി വളർന്നുവെന്നാണ് പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. 2014ൽ എൻഡിഎയുടെ വോട്ട് വിഹിതം 18.80 ശതമാനമായിരുന്നു. 2024ൽ ഇത് 18.28 ആയി കുറഞ്ഞു. അതിനാൽ എൻഡിഎ വളർന്നുവെന്ന് പറയുന്നത് തെറ്റാണ്. ബിജെപിയുടെയും ഡിഎംകെയുടേയും വോട്ട് വിഹിതം കുറഞ്ഞു. എന്നിട്ടും ഞങ്ങളുടെ വോട്ടുകൾ നഷ്ടമായെന്നാണ് മാധ്യമങ്ങൾ പറയുന്നത്'- പളനിസ്വാമി കൂട്ടിച്ചേർത്തു.
ബിജെപിയുമായി മുമ്പ് സഖ്യത്തിലായിരുന്ന എഐഎഡിഎംകെ 2023 സെപ്തംബറിൽ വേർപിരിഞ്ഞിരുന്നു. ബിജെപിയുമായി എഐഎഡിഎംകെയ്ക്ക് ബന്ധമില്ലെന്നും സഖ്യമില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും പളനിസ്വാമി അറിയിച്ചിരുന്നു. സി.എൻ അണ്ണാദുരൈ, മുൻ മുഖ്യമന്ത്രി ജയലളിത, സി.വി ഷൺമുഖം ഉൾപ്പെടെയുള്ള നേതാക്കളെ കുറിച്ചുള്ള ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശത്തിനു പിന്നാലെയാണ് എഐഎഡിഎംകെ സഖ്യം അവസാനിപ്പിച്ചത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39ൽ 39 സീറ്റുകളും ഇൻഡ്യ മുന്നണി തൂത്തുവാരിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ 22 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഒമ്പത് സീറ്റിലും വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികൾ രണ്ട് സീറ്റുകളിലും എംഡിഎംകെയും മുസ്ലിം ലീഗും ഒരു സീറ്റിലുമാണ് വിജയിച്ചത്.