India
ലഹരി പാർട്ടി; ആര്യൻ ഖാനെ വ്യാഴാഴ്ചവരെ കസ്റ്റഡിയില്‍ വിട്ടു
India

ലഹരി പാർട്ടി; ആര്യൻ ഖാനെ വ്യാഴാഴ്ചവരെ കസ്റ്റഡിയില്‍ വിട്ടു

Web Desk
|
4 Oct 2021 1:15 PM GMT

ഒക്ടോബർ പതിനൊന്നുവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്.

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ഒക്ടോബർ ഏഴുവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരും വ്യാഴാഴ്ചവരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ തുടരും.

ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എൻ.സി.ബി റിമാൻഡ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഒക്ടോബർ പതിനൊന്നുവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാൽ, ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയിട്ടില്ലെന്നും ഫോണ്‍ സന്ദേശങ്ങള്‍ തെളിവായി കാണാനാവില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ലഹരി മരുന്ന് വിതരണക്കാരുമായി ബന്ധമില്ലെന്നും തന്റെ ബാഗിൽ നിന്നും മയക്കുമരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആര്യന്‍ ഖാന്‍ കോടതിയെ അറിയിച്ചിരുന്നു. പഠനത്തിനായാണ് വിദേശത്ത് പോയത്, ക്രൂസ് കപ്പലിലെ അതിഥിയായാണ് തന്നെ ക്ഷണിച്ചതെന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

ആര്യനും സുഹൃത്ത് അർബാസിനും ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. എല്ലാ പ്രതികളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണെന്നും റാക്കറ്റ് പോലെ പ്രവർത്തിക്കുകയാണെന്നുമാണ് എൻ.സി.ബിക്ക് വേണ്ടി മുംബൈ കോടതിയിൽ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് വ്യക്തമാക്കിയത്.

Similar Posts