India
ഒരു കേസും ചെറുതല്ല, വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടുന്നില്ലെങ്കിൽ പിന്നെയെന്താണ് ഞങ്ങൾക്ക് പണി; നിയമമന്ത്രിയോട് സുപ്രിംകോടതി
India

'ഒരു കേസും ചെറുതല്ല, വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടുന്നില്ലെങ്കിൽ പിന്നെയെന്താണ് ഞങ്ങൾക്ക് പണി'; നിയമമന്ത്രിയോട് സുപ്രിംകോടതി

Web Desk
|
16 Dec 2022 12:59 PM GMT

സുപ്രിംകോടതി ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങളാണ് കേൾക്കേണ്ടതെന്നും മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ അഭിപ്രായപ്പെട്ടിരുന്നു

ന്യൂഡൽഹി: ഒരു കേസും സുപ്രിംകോടതിക്ക് ചെറുതല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടുകയും ആശ്വാസം നൽകുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെയെന്താണ് തങ്ങൾക്ക് പണിയെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. കേസുകളിൽ ഇടപെടാതിരുന്നാൽ ഭരണഘടനയുടെ 136ാം അനുച്ഛേദമാണ് തങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. സുപ്രിംകോടതി ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങളാണ് കേൾക്കേണ്ടതെന്നും മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തെ വിമർശിക്കുന്നയാളുമാണ് മന്ത്രി.

വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം വരെ തുടർച്ചയായി ശിക്ഷ അനുഭവിക്കാൻ ഉത്തരവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസിലെ പ്രതിയായ ഇഖ്‌റാം ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേസമയം നടപ്പാക്കുന്നതിന് പകരം തുടർച്ചയായി 18 വർഷം തടവ് അനുഭവിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇവയിൽ ഏഴു വർഷം ഇയാൾ ശിക്ഷ അനുഭവിക്കുകയും ചെയ്തു. വിവിധ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഖ്‌റാം അലഹബാദ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഹരജി തള്ളി. തുടർന്നാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്.

വ്യക്തികളുടെ സ്വാതന്ത്ര്യവും ജീവിതവുമടക്കമുള്ള മൗലികാവകാശങ്ങളുടെ സംരക്ഷകനെന്ന നിലയിൽ സുപ്രിംകോടതിയുടെ ചുമതല ചൂണ്ടിക്കാട്ടുന്നതാണ് ഇഖ്‌റാമിന്റെ കേസെന്നും ചന്ദ്രചൂഢ് പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. കേസിൽ സുപ്രിംകോടതി ഇടപെട്ടില്ലെങ്കിൽ ഗുരുതര നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇഖ്‌റാമിന്റെ ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി, ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടിയിരുന്നുവെന്നും വ്യക്തമാക്കി. വൈദ്യുതി മോഷണത്തെ കൊലപാതകത്തിന് തുല്യമായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.എസ് നരസിംഹയും കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നു.

ഇഖ്‌റാമിന്റെ കേസിൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചില്ലെങ്കിൽ ജീവപര്യന്ത്യത്തിന് തുല്യമാകുമെന്നു മുതിർന്ന അഭിഭാഷകനും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയുമായ എസ്. നാഗമുത്തു വിലയിരുത്തി. അത് തന്നെയാണ് സുപ്രിംകോടതിയുടെ ആവശ്യകത വ്യക്തമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അപ്പോൾ പ്രതികരിച്ചു.

No case is small For Supreme Court, Has Duty To Interfere In Matters Of Personal Liberty: CJI DY Chandrachud

Similar Posts