ഉവൈസിക്കും കെ.സി.ആറിനും എതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണമില്ലാത്തത് മോദിയുടെ സ്വന്തക്കാരായതുകൊണ്ട്: രാഹുൽ ഗാന്ധി
|രണ്ട് പാർട്ടികളാണെങ്കിലും ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബി.ആർ.എസ് എം.പിമാർ പാർലമെന്റിൽ അവരെ പിന്തുണക്കുമെന്ന് രാഹുൽ പറഞ്ഞു.
ഹൈദരാബാദ്: പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോഴും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയെയും വെറുതെവിടുന്നത് മോദിയുടെ സ്വന്തക്കാരായതുകൊണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
''കെ.സി.ആറിനെതിരെ കേസില്ല. എ.ഐ.എം.ഐ.എമ്മിനെതിരെ കേസില്ല. പ്രതിപക്ഷം മാത്രമാണ് ആക്രമിക്കപ്പെടുന്നത്. സ്വന്തക്കാരെ മോദി ഒരിക്കലും ആക്രമിക്കില്ല. നിങ്ങളുടെ മുഖ്യമന്ത്രിയെയും എ.ഐ.എം.ഐ.എം നേതാക്കളെയും അദ്ദേഹം സ്വന്തം ആളുകളായാണ് കാണുന്നത്. അതുകൊണ്ട് അവർക്കെതിരെ ഒരു കേസുപോലുമില്ല''-തെലങ്കാനയിലെ തുക്കുഗുഡയിൽ നടന്ന കോൺഗ്രസ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയും ബി.ആർ.എസും രണ്ട് പാർട്ടികളാണെങ്കിലും അവർ രഹസ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബി.ആർ.എസ് എം.പിമാർ അവരെ സഹായിക്കും. കാർഷികനിയമങ്ങൾ, ജി.എസ്.ടി, പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ അവസരങ്ങളിലെല്ലാം ബി.ആർ.എസ് ബി.ജെ.പിക്കൊപ്പമാണ് നിന്നതെന്നും രാഹുൽ പറഞ്ഞു.
സംസ്ഥാന പദവി വേണമെന്ന തെലങ്കാനയുടെ സ്വപ്‌നം നിറവേറ്റിയത് കോൺഗ്രസ് ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത് ചെയ്തത് കെ.സി.ആറിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ വേണ്ടിയല്ല. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും എന്ത് തന്നെ ചെയ്താലും അടുത്ത 100 ദിവസത്തിനുള്ള ബി.ആർ.എസ് സർക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.