ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങളില്ല; കടുത്ത നടപടിയിലേക്ക് കടക്കാൻ കേന്ദ്രം
|കോവിഡിനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ പലിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ കടുത്ത തീരുമാനങ്ങൾ എടുത്തേക്കും. കോവിഡിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് കോൺഗ്രസ് വിമർശനം. യാത്രയിൽ പങ്കെടുക്കുന്നവർ മാസ്ക് പോലും ധരിക്കുന്നില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
കോവിഡിന്റെ പേര് പറഞ്ഞ് ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നാണ് കോൺഗ്രസ് ആരോപണം. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി നേരിടും എന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ഗുജറാത്തിലും ത്രിപുരയിലും റാലികൾ നടത്തിയ പ്രധാനമന്ത്രിക്ക് നിയന്ത്രണങ്ങൾ ബാധകമല്ലേ എന്ന മറുവാദം ഉന്നയിക്കുന്നു. നിലവിൽ ഹരിയാനയിൽ പര്യടനം തുടരുന്ന യാത്ര നാളെ ഡൽഹിയിൽ പ്രവേശിക്കും.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ യാത്രയ്ക്ക് ഡൽഹിയിൽ കേന്ദ്രം അനുമതി നിഷേധിക്കാനുള്ള സാധ്യതയുമുണ്ട്. ആയിരക്കണക്കിന് ആളുകളാണ് യാത്രയിൽ ഓരോ ദിവസവും പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവർ മാസ്ക് ധരിക്കുമ്പോൾ രാഹുൽ ഗാന്ധി മാസ്ക് ഒഴിവാക്കുന്നു എന്നാണ് ബി.ജെ.പി വിമർശനം. രാജസ്ഥാൻ സർക്കാരിന് എതിരായ ബിജെപിയുടെ ജൻ ആക്രോശ് റാലി നിർത്തിയതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ്.