ഫഡ്നാവിസിനായി ബിജെപി, വഴങ്ങാതെ ഷിൻഡെ; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല
|അജിത് പവാർ പക്ഷം എൻസിപിയുടെ പിന്തുണ ബിജെപിക്കാണ്
മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. 235 സീറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വലിയ വിജയമാണ് തെരഞ്ഞെടുപ്പിൽ നേടിയത്. ഇതിൽ 132 സീറ്റും ബിജെപിയുടേതാണ്. അതിനാൽ തന്നെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് പാർട്ടി നിലപാട്.
അതേസമയം, നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞതവണ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി വേർപിരിഞ്ഞ ഷിൻഡെ പക്ഷം മഹായുതി സഖ്യത്തോടൊപ്പം ചേരുകയും തുടർന്ന് മുഖ്യമന്ത്രിയാവുകയുമായിരുന്നു.
ശക്തനായ നേതാവെന്ന പ്രതിച്ഛായ വളർത്തിയെടുത്ത ഷിൻഡെ, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽനിന്ന് നയിക്കുകയും ചെയ്തു. 57 സീറ്റിലാണ് പാർട്ടി ജയിച്ചത്. അതിനാൽ തന്നെ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ ഒന്നും അദ്ദേഹത്തിന് സ്വീകാര്യമല്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, തന്റെ അനുയായികളോട് ശാന്തരാകാനും മുംബൈയിൽ എവിടെയും ഒരുമിച്ചുകൂടരുതെന്നും അദ്ദേഹം ചൊവ്വാഴ്ച രാവിലെ എക്സിൽ കുറിക്കുകയുണ്ടായി. ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനക്കാർ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടര വർഷം ബിജെപിക്കും ബാക്കി ശിവസേനക്കും എന്നതാണ് ഇവരുടെ ആവശ്യം.
അതേസമയം, സർക്കാർ രൂപീകരിക്കാൻ 13 എംഎൽഎമാരുടെ കൂടി ആവശ്യമേയുള്ളൂ ബിജെപിക്ക്. അജിത് പവാർ വിഭാഗം എൻസിപിയെയും ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയെയും ഒപ്പം കൂട്ടാതെ തന്നെ ബിജെപിക്ക് ഇത് നേടിയെടുക്കാൻ സാധിക്കും.
എൻസിപിയുടെ പിന്തുണ ബിജെപിക്ക്
മഹായുതി സഖ്യത്തിലുള്ള അജിത് പവാർ പക്ഷം എൻസിപിയുടെ പിന്തുണ ബിജെപിക്കാണ്. കഴിഞ്ഞതവണ ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിട്ടയാളാണ് അജിത് പവാറും. പക്ഷെ, അജിത് പവാറും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ വലിയ സ്വരചേർച്ചയില്ലായിരുന്നു. ഇരുവരും മറാത്ത സമുദായത്തിൽപെട്ടയാളാണ്. മറാത്തകളെ ആകർഷിക്കാനാണ് ഇരുവരും ശ്രമിച്ചുകൊണ്ടിരുന്നത്. അതിനാൽ തന്നെ ഒരാൾ വളരുന്നത് മറ്റൊരാൾക്ക് നേരിട്ട് ഭീഷണിയായിരുന്നു. സംസ്ഥാനത്ത് ഷിൻഡെയുടെ ജനപ്രീതിക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ബിജെപി മുഖ്യമന്ത്രിയെ പിന്തുണക്കുകയാണ് അജിത് പവാറിന്റെ ലക്ഷ്യം. 41 സീറ്റുകളാണ് പാർട്ടിക്കുള്ളത്.
അതേസമയം, കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫഡ്നാവിസ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ചിരുന്നു. വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വിഡിയോയിൽ അജിത് പവാറിന്റെയും ഏക്നാഥ് ഷിൻഡെയുടെയും ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഇത് വലിയ ചർച്ചയായിട്ടുണ്ട്.
തിങ്കളാഴ്ച ഫഡ്നാവിസ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയെയും കാണുകയും ചെയ്തു. മുഖ്യമന്ത്രി ബിജെപിയിൽനിന്ന് തന്നെയാകണമെന്നാണ് ആർഎസ്എസും ആഗ്രഹിക്കുന്നത്. അതേസമയം, മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമാകാതെ മുഖ്യമന്ത്രിയെ ബിജെപി ഉടൻ പ്രഖ്യാപിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സഖ്യകക്ഷികൾക്കിടയിൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തീരുമാനമാകാത്തതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.