India
New Dos And Donts For Congress Members,  new rules for congress members, congrss party to party conclave 2023, national news
India

'ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്, പാര്‍ട്ടിയെ പൊതു ഇടത്തില്‍ വിമര്‍ശിക്കരുത്'; കോണ്‍ഗ്രസ് ഭരണഘടനയില്‍ പുതിയ നിയമങ്ങള്‍

Web Desk
|
25 Feb 2023 7:52 AM GMT

ഇന്നലെ റായ്പൂരിൽ ആരംഭിച്ച കോൺക്ലേവിലാണ് പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 15,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്

ന്യൂ ഡല്‍ഹി: കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ പാർട്ടി ഭരണഘടനയിൽ പുതിയ നിയമങ്ങൾ കൂട്ടിച്ചേർത്ത് നേതൃത്വം. ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്, പാർട്ടിയെ പൊതു ഇടത്തിൽ വിമർശിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദേശങ്ങൾ. ഇന്നലെ റായ്പൂരിൽ ആരംഭിച്ച പ്ലീനറി സമ്മേളനത്തിലാണ് പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. അംഗങ്ങൾക്ക് സന്നദ്ധ പ്രവർത്തനവും സാമൂഹിക സേവനവും ചെയ്യാണമെന്നും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും നിർദേശമുണ്ട്.

'അവനോ അവളോ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ച് ദരിദ്രർക്കും വേണ്ടിയുള്ള ശ്രമദാൻ ഉൾപ്പെടെയുള്ള പൊതു ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ചുമതലകളും പദ്ധതികളും ഏറ്റെടുക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യണം. കൂടാതെ സാമൂഹ്യനീതി, സമത്വം, ഐക്യം എന്നിവയ്ക്കായി സേവിക്കുന്ന വിധത്തിൽ സ്വയം പ്രവർത്തിക്കണം. ഭൂപരിധി ചട്ടം ലംഘിക്കുകയോ, ഗുരുകതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല. മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവയുടെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കണം.ഉൾപാർട്ടി ഫോറത്തിലൂടെയല്ലാതെ പാർട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പരസ്യമായോ വിമർശിക്കാൻ പാടുള്ളതല്ല'.



കഴിഞ്ഞ ദിവസം ആരംഭിച്ച കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 15,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു. 'അതിന്റെ ഭാഗമായി ഇഡി പരിശോധനകൾ നടത്തി. നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മൾ ഒത്തുകൂടി. ഭയന്നിരിക്കാൻ കോൺഗ്രസിന് ആകില്ല. കേന്ദ്ര സർക്കാർ നയങ്ങൾ സമസ്ത മേഖലകളേയും തകർത്തു. നമ്മളുണ്ടാക്കിയതെല്ലാം സർക്കാർ വിറ്റ് തുലയ്ക്കുന്നു'. ഗുണകരമായ ഒന്നും സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും ഖാർഗെ പറഞ്ഞു.


രാഷ്ട്രീയകാര്യം, സാമ്പത്തികം, കാർഷികം അടക്കമുള്ള ആറ് വിഷയങ്ങളാണ് ഇന്ന് ചർച്ച ചെയ്യുക. രാഹുൽ ഗാന്ധിയുടെ മുഖം തന്നെയാണ് കോൺഗ്രസ് ഇപ്പോഴും പലയിടത്തും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് ഖാർഗെ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് മുഖം എന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഉയർത്തിയാണ് നിലവിൽ കോൺഗ്രസിന്റെ ഓരോ നീക്കവും. എന്നാൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്റെ വെല്ലുവിളികൾ ബോധ്യമുള്ളതിനാൽ പ്രതിപക്ഷ ഐക്യത്തിന് കൂടി പ്രാധാന്യം നൽകിയാവും കോൺഗ്രസിന്റെ മുന്നേറ്റം.

മതേതര ജനാധിപത്യ പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ചും ഇന്ന് സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം. പാർലമെന്റിലെ പ്രതിപക്ഷ ഐക്യം സഭയ്ക്ക് പുറത്ത് ഉണ്ടാകുന്നില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ബി.ജെ.പിയോട് പോരാട്ടം നടത്തുന്നവരോട് മാത്രം സഖ്യം മതിയെന്ന നിലപാടിലേക്കായിരിക്കും കോൺഗ്രസ് എത്തുക. ഇത്തരത്തിൽ ബി.ജെ.പിയ്ക്കെതിരെ നിൽക്കുന്ന പ്രാദേശിക പാർട്ടികളെ അടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും ഇന്നത്തെ സമ്മേളനത്തിൽ ചർച്ചയുണ്ടായേക്കും.


Similar Posts