ഭയമില്ല, സൽമാൻ ഖാൻ പതിവ് പോലെ ജോലി തുടരുമെന്ന് പിതാവ്
|ചൊവ്വാഴ്ച സൽമാന്റെ വീട്ടിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കുടുംബത്തിന് പൂർണ സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു.
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായതിൽ പ്രതികരണവുമായി പിതാവ് സലിം ഖാൻ. സൽമാൻ പതിവ് പോലെ ജോലി തുടരുമെന്നും ഷെഡ്യൂളിൽ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭയപ്പെടാനൊന്നുമില്ല, കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ പൂർണ സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ടെന്നും സലീം ഖാൻ പറഞ്ഞു.
ഞായറാഴ്ചയാണ് സൽമാന്റെ മുംബൈ ബാന്ദ്രയിലെ വീടിന് നേരെ വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ചിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് സൽമാന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച സൽമാന്റെ വീട്ടിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കുടുംബത്തിന് പൂർണ സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു. സൽമാന്റെ സുരക്ഷ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ മുംബൈയിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.