India
GURUGRAM
India

വെള്ളിയാഴ്ച പ്രാര്‍ത്ഥന വീട്ടില്‍നിന്ന് നിര്‍വഹിക്കൂ; അഭ്യര്‍ത്ഥനയുമായി മുസ്‌ലിം കൗൺസിൽ

Web Desk
|
4 Aug 2023 6:52 AM GMT

നൂഹ് ജില്ലയിലെ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു.

ഗുരുഗ്രാം: സാമുദായിക സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥന (ജുമുഅ) വീട്ടിൽനിന്ന് നിർവഹിക്കാൻ അഭ്യർത്ഥിച്ച് ഗുരുഗ്രാമിലെ മുസ്‌ലിം കൗൺസിൽ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ അഭ്യർത്ഥന പുറപ്പെടുവിച്ചതെന്ന് മുസ്‌ലിം കൗൺസിൽ വക്താവ് അൽതാഫ് അഹ്‌മദ് പറഞ്ഞു. നഗരത്തിലെ എല്ലാ പള്ളികളിലും ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി.

നഗരത്തിലെ സദർ ബസാർ പള്ളിയും സമീപത്തുള്ള കടകളും പൊലീസ് അടപ്പിച്ചിട്ടുണ്ട്. ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രാജീവ് ചൗക് പള്ളിക്കടുത്തും വലിയ പൊലീസ് സന്നാഹമാണുള്ളത്.

നഗരത്തിലെ പല പ്രദേശത്തു നിന്നും മുസ്‌ലിംകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടുണ്ട്. ഷീത്‌ള കോളനി, ന്യൂപാലം വിഹാർ, ബദ്ഷാപൂർ തുടങ്ങിയ ചേരികളിൽ വസിക്കുന്നവരാണ് ഒഴിഞ്ഞു പോയവരിൽ മിക്കവരും. നൂഹിലെ തൗറുവിൽ 200 കുടിലുകൾ ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പൊളിച്ചു നീക്കി. അനധികൃത നിർമാണമെന്ന് ആരോപിച്ച് നാലു വർഷമായി ഇവിടെ താമസിക്കുന്നവരുടെ പാർപ്പിടങ്ങളാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്.

നൂഹ് ജില്ലയിലെ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. ജില്ലയില്‍ ബുധനാഴ്ച രണ്ട് പള്ളികളാണ് ആക്രമണത്തിനിരയായത്. പെട്രോൾ ബോംബ് ആക്രമണത്തിൽ രണ്ട് പള്ളികൾക്കും സാരമായ കേടുപാടുകളുണ്ട്. അതേസമയം, സംഘർഷത്തിന് അയവു വന്നതോടെ ചിലയിടങ്ങളിൽ കർഫ്യൂവിന് ഇളവു നൽകി.

മുഖംരക്ഷിക്കൽ നടപടിയെന്നോണം, നൂഹ് എസ്പി വരുൺ സിംഗ്ലയെ ബിജെപി സർക്കാർ ഭിവാനിയിലേക്ക് സ്ഥലം മാറ്റി. നരേന്ദ്ര ബിജർനിയ ഐപിഎസാണ് പുതിയ ജില്ലാ പൊലീസ് മേധാവി. വിവിധ സംഭവങ്ങളിൽ 55 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും 141 പേരെ അറസ്റ്റു ചെയ്തതായും അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ടിവിഎസ്എൻ പ്രസാദ് അറിയിച്ചു.





Similar Posts