കശ്മീരിൽ പൊലീസിനെതിരെ കല്ലെറിഞ്ഞാല്‍ സർക്കാർ ജോലിയും പാസ്‌പോർട്ടും ലഭിക്കില്ല
|സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ആരെങ്കിലും രാഷ്ട്രീയ പാർട്ടികളിലോ മറ്റ് സംഘടനകളിലോ അംഗങ്ങളാണോ എന്ന കാര്യം വ്യക്തമാക്കണം
സൈന്യത്തിനും പൊലീസിനും എതിരെ നടക്കുന്ന കല്ലേറിലും അക്രമസംഭവങ്ങളിലും പങ്കെടുക്കുന്നവർക്ക് സർക്കാർ ജോലിയോ പാസ്‌പോർട്ടോ ലഭിക്കില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ ഉത്തരവ്. കശ്മീർ ഭരണകൂടം ഇന്നു പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കല്ലേറുപോലെയുള്ള 'ഇന്ത്യാ വിരുദ്ധ' പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സുരക്ഷാ അനുമതി നൽകരുതെന്ന് കശ്മീർ സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി നിർദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശ അധികൃതർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം സിഐഡിയുടെ ഭാഗത്തുനിന്നുള്ള കൃത്യമായ പരിശോധന കൂടാതെ സർക്കാർ ജോലി ലഭിക്കില്ല. ഇതിന്റെ ചുവടുപിടിച്ചാണ് സിഐഡിയുടെ പുതിയ നിര്‍ദേശം.
ഇതോടൊപ്പം സർക്കാർ ജോലിക്ക് അപേക്ഷിക്കുമ്പോഴും പാസ്‌പോർട്ട് പരിശോധനാ സമയത്തും വിചിത്രകരമായ വേറെയും വിവരങ്ങൾ സമർപ്പിക്കാനും ഉത്തരവുണ്ട്. കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ആരെങ്കിലും രാഷ്ട്രീയ പാർട്ടികളിലോ മറ്റ് സംഘടനകളിലോ അംഗങ്ങളാണോ എന്നു വ്യക്തമാക്കണം. ഇവരിൽ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടുകയോ വിദേശദൗത്യവുമായോ സംഘങ്ങളുമായോ നിരോധിത സംഘടനകളുമായോ ബന്ധം പുലർത്തുകയോ ചെയ്യുന്നുണ്ടോ എന്നും അറിയിക്കണം. മേൽപറഞ്ഞ കാര്യങ്ങളിൽ എതിരായ റിപ്പോർട്ടാണ് അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നതെങ്കിൽ സർക്കാർ ജോലി റദ്ദാക്കപ്പെടും. പാസ്‌പോർട്ട് അനുവദിക്കുകയുമില്ല.