വാഹനത്തിന് കൊടുക്കാൻ പണമില്ല; മധ്യപ്രദേശിൽ യുവാവ് അമ്മയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ കെട്ടിവെച്ച്
|അനുപൂരിലെ ഗോദാരു ഗ്രാമവാസിയായ ജയ്മന്ത്രി യാദവിനെ നെഞ്ചുവേദനയെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും രാത്രി വൈകി ഇവർ മരണപ്പെടുകയായിരുന്നു.
ഭോപ്പാൽ: വാഹനത്തിന് കൊടുക്കാൻ പണമില്ലാത്തതിനാൽ യുവാവ് അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കിൽ കെട്ടിവെച്ച്. മധ്യപ്രദേശിലെ ഷാഹ്‌ദോൽ ജില്ലയിലാണ് സംഭവം. അനുപൂർ ജില്ലയിൽനിന്നാണ് സുന്ദർ യാദവ് എന്ന യുവാവ് അമ്മയെ ചികിത്സക്കായി ഷാദോൽ മെഡിക്കൽ കോളജിലെത്തിച്ചത്. കാര്യമായ ചികിത്സ ലഭിക്കാത്തതിനാലാണ് അമ്മ മരിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.
മൃതദേഹം കൊണ്ടുപോകാൻ ഒരു വാഹനം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. സ്വകാര്യ വാഹനത്തിന് 5,000 രൂപയാണ് വാടകയായി ആവശ്യപ്പെട്ടത്. ഈ പണമില്ലാത്തതിനാൽ 80 കിലോ മീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോവുകയായിരുന്നു. 100 രൂപയുടെ മരക്കഷണം വാങ്ങിയാണ് ഇയാൾ മൃതദേഹം ബൈക്കിൽ കെട്ടിവെച്ചത്.
किसी भी राज्य में मंत्रिमंडल क्यों हो,अगर हां तो तस्वीर क्यों नहीं बदलती ये शहडोल का छोटा अस्पताल नहीं मेडिकल कॉलेज हैं बेटे अपनी मां का शव बाइक पर ले जा रहे हैं @ChouhanShivraj इसके बाद भी स्वास्थ्य मंत्री के तर्क हो सकते हैं! आपलोग सिर्फ चुनाव विभाग रखें जो काम साल भर करते हैं pic.twitter.com/NJ9NvoWDsv
— Anurag Dwary (@Anurag_Dwary) August 1, 2022
അനുപൂരിലെ ഗോദാരു ഗ്രാമവാസിയായ ജയ്മന്ത്രി യാദവിനെ നെഞ്ചുവേദനയെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും രാത്രി വൈകി ഇവർ മരണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ നഴ്‌സുമാർ അശ്രദ്ധയോടെ പെരുമാറിയെന്നും മെഡിക്കൽ കോളജ് അധികൃതരാണ് അമ്മയുടെ മരണത്തിന് ഉത്തരവാദികളെന്നും സുന്ദർ യാദവ് ആരോപിച്ചു.