India
എസ്.എസ്.എൽ.സിക്കും ഹിജാബ് വിലക്ക്; പരീക്ഷയെഴുതാനാകാതെ നിരവധി വിദ്യാർത്ഥികൾ
India

എസ്.എസ്.എൽ.സിക്കും ഹിജാബ് വിലക്ക്; പരീക്ഷയെഴുതാനാകാതെ നിരവധി വിദ്യാർത്ഥികൾ

Web Desk
|
28 March 2022 10:24 AM GMT

പരീക്ഷാഹാളിൽ ഹിജാബ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു

ബംഗളൂരു: കർണാടകയിൽ ഇന്ന് ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരിടത്തും ഹിജാബ് അനുവദിച്ചില്ല. ഇതുമൂലം നിരവധി വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാതെ മടങ്ങിയത്. ചിലയിടങ്ങളിൽ ഹിജാബ് അഴിച്ചുവച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുമുണ്ട്. പരീക്ഷാഹാളിൽ ഹിജാബ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കിയിരുന്നു.

ഹിജാബ് ധരിക്കാനാകാത്തതിനാൽ പരീക്ഷയെഴുതാനാകാതെ വിദ്യാർത്ഥികൾ മടങ്ങുന്നതിന്റെയും പരീക്ഷാഹാളിൽ ഹിജാബ് അഴിപ്പിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ബഗൽകോട്ടിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ അധികൃതർ ഹിജാബ് ധരിച്ചതിനാൽ തിരിച്ചയക്കുന്നത് ഒരു വിഡിയോയിൽ കാണാം.

ഹൂബ്ലിയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. തുടർന്ന് ഹിജാബ് അഴിച്ചാണ് വിദ്യാർത്ഥിനി പരീക്ഷയെഴുതിയത്. മറ്റൊരു സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ പൂക്കൾ നൽകി അധികൃതർ സ്വീകരിക്കുന്നത് കാണാം. ഇതിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികൾക്കും പൂക്കൾ നൽകിയിരുന്നെങ്കിലും പരീക്ഷാഹാളിൽ ഇവർക്ക് ഹിജാബ് അഴിച്ചുവയ്‌ക്കേണ്ടിവന്നെന്ന് മാധ്യമപ്രവർത്തക നിഖില ഹെൻറി ട്വീറ്റ് ചെയ്തു.

'പരീക്ഷ ബഹിഷ്‌ക്കരിച്ചാൽ പുനഃപരീക്ഷയുണ്ടാകില്ല'

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് ഇന്നലെ കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിക്കുശേഷം സ്‌കൂളുകളിൽ ഹിജാബ് അനുവദിക്കുന്നില്ല. ഹിജാബ് ധരിക്കുന്നവർക്ക് കാംപസ് വരെ അങ്ങനെ വരാം. എന്നാൽ, ഹിജാബ് അഴിച്ചാലേ ക്ലാസ്‌റൂമിൽ കയറാൻ പറ്റൂവെന്ന് വ്യക്തമാക്കിയതാണ്. പരീക്ഷയുടെ കാര്യത്തിലും മറ്റ് ഇളവുകളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ ബഹിഷ്‌ക്കരിക്കുന്നവർക്ക് പുനഃപരീക്ഷയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് നേരത്തെ കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർത്ഥികൾ നൽകിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി.

'മുസ്‌ലിം വനിതകൾ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിനു കീഴിലെ അനിവാര്യ മതാചാരത്തിൽപ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരം. സ്‌കൂൾ യൂനിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാർത്ഥികൾ എതിർക്കേണ്ടതില്ലെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ട്.'-വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതി പറഞ്ഞു.

കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയും വ്യക്തമാക്കിയിരുന്നു. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തിൽ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് 11 ദിവസമാണ് കേസിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകരായ ദേവ്ദത്ത് കാമത്ത്, സഞ്ജയ് ഹെഗ്‌ഡെ, പ്രൊഫസർ രവിവർമ കുമാർ, യൂസുഫ് മഛ്‌ല, എ.എം ധർ എന്നിവർ ഹർജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാറിനു വേണ്ടി അഡ്വ. ജനറൽ പ്രഭുലിംഗ് നവാഡ്ഗിയാണ് വാദിച്ചത്. ഹിജാബ് നിരോധനത്തെ പിന്തുണച്ച അധ്യാപകർക്കും കോളജ് അധികൃതകർക്കും വേണ്ടി മുതിർന്ന അഭിഭാഷകരായ എസ്.എസ് നാഗാനന്ദ്, സാജൻ പൂവയ്യ എന്നിവരും ഹാജരായി.

2021 ഡിസംബർ അവസാന വാരത്തിൽ ഉഡുപ്പി ഗവ. ഗേൾസ് പ്രീ യൂനിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഹിജാബ് ധരിച്ച ആറു വിദ്യാർഥിനികളെയാണ് ക്ലാസിൽനിന്നു പുറത്താക്കിയത്. തുടർന്ന് ഈ വിദ്യാർഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂനിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നു. ഇതിനിടെ സംഘ്പരിവാർ അനുകൂല സംഘടനകൾ കാവിഷാൾ ധരിച്ച് കാംപസുകളിലെത്തിയത് സംഘർഷങ്ങൾക്ക് കാരണമായി. ഹിജാബ് ധരിച്ചവരെ പുറത്തുനിർത്തിയതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് ഈയിടെ പരീക്ഷയെഴുതാനായിരുന്നില്ല.

Summary: No hijab during SSLC exam too in Karnataka; Many students returned without being able to write the exam

Similar Posts