India
കള്ള് കുടിച്ച് കിക്കാവുന്നില്ല; മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കു പരാതി നൽകി മധ്യവയസ്‌കൻ
India

കള്ള് കുടിച്ച് കിക്കാവുന്നില്ല; മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കു പരാതി നൽകി മധ്യവയസ്‌കൻ

Web Desk
|
8 May 2022 12:11 PM GMT

മായം കലർന്ന മദ്യത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവരാരും തന്റെ പരാതി ചെവിക്കൊണ്ടില്ലെന്നാണ് ലോകേന്ദ്ര പറയുന്നത്

വ്യാജ മദ്യമാണ് കഴിച്ചതെന്നു സംശയിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം നിശ്രയ്ക്കും എക്‌സൈസ് വകുപ്പിനും പൊലീസിനും പരാതി നൽകി മധ്യവയസ്‌കൻ. ഉജ്ജയിൻ ജില്ലയിലെ ബഹാദൂർ ഗഞ്ചിൽ താമസിക്കുന്ന ലോകേന്ദ്ര സാതിയ എന്നയാളാണ് പരാതിയുമായി ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ളവരെ സമീപിച്ചത്. രണ്ട് കുപ്പി മദ്യം കഴിച്ചിട്ടും തനിക്ക് പ്രതീക്ഷിച്ച ലഹരി ലഭിച്ചില്ലെന്നാണ് ലോകേന്ദ്ര സാതിയ പറയുന്നത്. വ്യാജ മദ്യമാണു കഴിച്ചതെന്ന സംശയം ആഭ്യന്തര മന്ത്രിയുൾപ്പടെയുള്ളവർക്ക് പരാതി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു.

ഏപ്രിൽ 12 നാണ് ഇയാൾ നാല് ക്വാർട്ടർ ദേശി മദ്യം വാങ്ങിയത്. മായം കലർന്ന മദ്യത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവരാരും തന്റെ പരാതി ചെവിക്കൊണ്ടില്ലെന്നാണ് ലോകേന്ദ്ര പറയുന്നത്. പരാതിക്ക് ചെവികൊടുക്കാതിരുന്ന ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ ഇയാൾ ആവശ്യപ്പെട്ടു. മദ്യത്തിന് അടിമയായ ലോകേന്ദ്ര മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയ ഉടനെ തന്നെ എക്‌സൈസിനും പരാതി നൽകി. പരാതിക്കൊപ്പം തെളിവിനായി മദ്യത്തിന്റെ സാമ്പിൾ സമർപ്പിക്കുകയും ചെയ്തു.

മദ്യത്തിൽ വെള്ളമുണ്ടെന്ന് ആരോപിച്ച് ബാക്കിയുള്ള രണ്ട് മദ്യക്കുപ്പികൾ ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ബന്ധപ്പെട്ട കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥനായ റാംഹാൻസ് പച്ചോരി മാധ്യമങ്ങളോട് പറഞ്ഞത്. പരാതി ലഭിക്കുകയും വിഷയത്തിൽ കാമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts