India
No Law Gives Right To Husband To Beat, Torture Wife Says Delhi High Court
India

ഭർത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമത്തിലും അവകാശമില്ല; ഡൽഹി ഹൈക്കോടതി

Web Desk
|
28 Aug 2023 4:37 PM GMT

ഭർത്താവിന്റെ ക്രൂരതയുൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ ഒരു സ്ത്രീക്ക് വിവാഹമോചനം നൽകുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

ന്യൂഡൽഹി: ഭാര്യയെ മർദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും ഭർത്താവിന് അവകാശം നൽകുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ ക്രൂരതയുൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ ഒരു സ്ത്രീക്ക് വിവാഹമോചനം നൽകുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

ഭാര്യയുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിൽ ഭർത്താവ് പരാജയപ്പെട്ടുവെന്ന് ഈ കേസിൽ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശാരീരിക പീഡനത്തിന് വിധേയയായ സ്ത്രീയുടെ വാദങ്ങൾ മെഡിക്കൽ രേഖകൾ ശരിവയ്ക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

"കക്ഷികൾ വിവാഹിതരായതിനാലും പുരുഷൻ അവളുടെ ഭർത്താവായതിനാലും ഭാര്യയെ മർദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും അയാൾക്ക് അവകാശം നൽകിയിട്ടില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ശാരീരിക ക്രൂരതയാണ്. അത് 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിയെ വിവാഹമോചനത്തിന് അർഹയാക്കുന്നു"- ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിന്റെയും നീന ബൻസാൽ കൃഷ്ണയുടേയും ബെഞ്ച് വ്യക്തമാക്കി.

വിധി പറയുമ്പോൾ കോടതി മുമ്പാകെ ഹാജരായ ഭർത്താവിന് വിവാഹമോചനം അനുവദിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. “അതനുസരിച്ച് ഞങ്ങൾ പരാതിക്കാരിയുടെ ഹരജിയിൽ സാധുത കണ്ടെത്തുകയും അതിനാൽ വിവാഹമോചനം നൽകുകയും ചെയ്യുന്നു”- ബെഞ്ച് പറഞ്ഞു. കുടുംബ കോടതി ഹരജി തള്ളിയതിനെ ചോദ്യം ചെയ്ത് യുവതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Similar Posts