അമിത് ഷാ പറഞ്ഞാലൊന്നും ഞങ്ങളെ 'തീർക്കാനാവില്ല'; ഉദ്ധവ് താക്കറെ
|തെരഞ്ഞെടുപ്പിൽ ആരെ അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും ഉദ്ധവ് താക്കറെ
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ ശിവസേനയേയും(ഉദ്ധവ് വിഭാഗം) എൻസിപിയേയും(ശരത് പവാര്‍) തീർക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്നും അതിനായി നേതാക്കളെയും പ്രവര്‍ത്തകരെയും ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ.
അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പാർട്ടിപ്രവർത്തകർക്ക് അമിത് ഷാ നൽകിയതായും ഉദ്ധവ് താക്കറെ ആരോപിച്ചു. എന്നാൽ ജനങ്ങൾ വിചാരിച്ചാൽ അല്ലാതെ അമിത് ഷാ നിർദേശം നൽകിയത് കൊണ്ട് മാത്രം ഞങ്ങളെ ഇല്ലാതാക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. നാഗ്പൂർ ജില്ലയിലെ രാംടെകില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ആഭ്യന്തര മന്ത്രി അമിത് ഷാ, അടുത്തിടെ ഡൽഹിയിൽ നിന്ന് നാഗ്പൂരിലെത്തി, തെരഞ്ഞെടുപ്പിൽ ഉദ്ധവിനെയും ശരത് പവാറിനെയും ഇല്ലാതാക്കാന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു. എന്തിനാണ് അടച്ചിട്ട മുറികളിലിരുന്ന് ഇക്കാര്യം പറയുന്നത്, പരസ്യമായി വന്ന് പറയുക. ഡൽഹിയിൽ നിന്നുള്ളവർ എന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, ആളുകൾ അവരെ വീട്ടിൽ ഇരുത്തും''- ഇങ്ങനെയായിരുന്നു ഉദ്ധവ് താക്കറെയുടെ വാക്കുകള്‍.
പോരാട്ടം തന്റേതോ പവാറിന്റോതോ അല്ലെന്നും മഹാരാഷ്ട്രയെ ഡൽഹിയിൽ നിന്നുള്ളവർ കൊള്ളയടിക്കുന്നതിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആരെ അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധുദുർഗിലെ മാൽവൻ കോട്ടയിലെ ശിവാജി പ്രതിമ തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ രൂക്ഷമായി വിമർശിച്ച താക്കറെ, ഇത് സംസ്ഥാനത്തിന് നാണക്കേടാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം എന്ത് വില കൊടുത്തും പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യം(എംവിഎ) മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണമെന്ന് ശരദ് പവാര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എംവിഎ കക്ഷികള്‍ക്കിടയിലെ സീറ്റ് ചർച്ചകൾ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ശരത് പവാര്‍ വ്യക്തമാക്കി. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരേയൊരു മാനദണ്ഡം മെറിറ്റ് ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തില്‍ വന്‍ പ്രതീക്ഷയിലാണ് പ്രതിപക്ഷ സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും കഠിനാധ്വാനം ചെയ്യണമെന്നാണ് പാർട്ടി പ്രവർത്തകരോട് പവാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ 40 ലോക്‌സഭാ സീറ്റുകളിൽ എംവിഎ സഖ്യം 30 സീറ്റുകൾ നേടി കരുത്ത് കാട്ടിയിരുന്നു. ഇതില്‍ കോൺഗ്രസ് 13, ശിവസേന ഉദ്ധവ് വിഭാഗം ഒമ്പത്, എൻസിപി ശരത് പവാര്‍ വിഭാഗം എട്ട് എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.
അതേസമയം 288 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ പകുതിയോടെ നടക്കുമെന്നാണ് വിവരം. ബിജെപിക്ക് വേണ്ടി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിപ്പിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.