'ചില നിയമങ്ങൾ എന്തിനുവേണ്ടി ?' പാർലമെന്‍റില്‍ ചർച്ചകളില്ലാതെ നിയമനിര്‍മാണം നടത്തുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ്
|സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാർലമെന്‍റിൽ കൃത്യമായ ചർച്ചകള്‍ നടത്താതെ നിയമനിര്‍മാണം നടത്തുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ക്രിയാത്മകചർച്ചകള്‍ കോടതിയെ സഹായിക്കുമെന്നും ചില നിയമങ്ങള്‍ എന്തിന് വേണ്ടിയെന്ന് പോലും മനസിലാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
'നിയമനിർമാണത്തിലെ അവ്യക്തത കോടതിയെ തന്നെ ബാധിക്കുന്നുണ്ട്. ചില നിയമങ്ങൾ എന്തിന് വേണ്ടിയാണെന്ന് പോലും മനസിലാകുന്നില്ല. ഇത് പൊതുജനങ്ങളെയും സർക്കാരിനെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സഭാ നടപടികൾ തന്നെ ഏറെ നിരാശാജനകമാണ്. പണ്ട് സഭയിൽ നടന്നിരുന്നത് ക്രിയാത്മക സംവാദങ്ങളാണ്. സാമ്പത്തിക ബില്ലുകളെപ്പറ്റിയുള്ള ഒട്ടേറെ നല്ല ചർച്ചകൾ മുമ്പ് സഭയില്‍ കാണാമായിരുന്നു. നിയമനിർമാണത്തിന്‍റെ പ്രാധാന്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ അന്നു കഴിഞ്ഞിരുന്നു.
പുതിയ നിയമങ്ങളിൽ പലതിലും വ്യക്തതയില്ല. ഇത് പൊതുജനത്തിന്‍റെ മൊത്തം നഷ്ടമാണ്. ഇന്ത്യൻ പാർലമെന്‍റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് വ്യക്തമാണ്. ആദ്യ ലോക്സഭയും രാജ്യസഭയും പരിശോധിച്ചാല്‍ നിയമ വിദഗ്ധര്‍ ഒരുപാട് ഉണ്ടായിരുന്നു എന്ന കാര്യം മനസിലാകും. നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളിൽതന്നെ പലരും നിയമ വിദഗ്ധരായിരുന്നു. ഇപ്പോഴത്തെ പാര്‍ലമെന്‍റിന്‍റെ അവസ്ഥ എന്താണ്..?' രാജ്യത്തെ പാർലമെന്‍റിന്‍റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു