'രാജസ്ഥാനിൽ സച്ചിൻ- ഗെഹ്ലോട്ട് തർക്കമില്ല'; കെ.സി.വേണുഗോപാൽ
|മധ്യപ്രദേശിലെ തർക്കം പ്രാദേശിക തലത്തിൽ മാത്രമാണെന്നും ഇൻഡ്യ മുന്നണിയെ അത് ബാധിക്കില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി
ഡൽഹി: രാജസ്ഥാനിലെ സ്ഥാനാർഥി പ്രഖ്യാപനം എപ്പോൾ വേണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് കെ.സി.വേണുഗോപാൽ. രാജസ്ഥാനിൽ സച്ചിൻ- അശോക് ഗെഹ്ലോട്ട് തർക്കമില്ലെന്നും നൂറിലേറെ സീറ്റുകളിൽ ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
വസുന്ധര രാജെ സിന്ധ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നും അദ്ദേഹം ബിജെപിയുടെ നേതാവാണെന്നും വേണുഗോപാൽ പ്രതികരിച്ചു. മധ്യപ്രദേശിലെ തർക്കം പ്രാദേശിക തലത്തിൽ മാത്രമാണെന്നും ഇൻഡ്യ മുന്നണിയെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസ് വിവാദത്തിൽ കുമാരസ്വാമി പറഞ്ഞ മഹാമനസ്കത എന്താണെന്നും ബി.ജെ.പിയെ അധികാരത്തിൽ നിർത്താനാണ് കുമാര സ്വാമി ശ്രമിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സംസ്ഥാന ഘടകം ബിജെപിയുമായി കൂട്ട് കൂടിയാൽ സിപിഎം അംഗീകരിക്കുമോ എന്ന് ചേദിച്ച അദ്ദേഹം സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങൾ ദേവഗൗഡ നേതൃത്വം നൽകുന്ന ജെ.ഡി.എസിൻ്റെ ഭാഗമല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ കേരളത്തിലെ ജെഡിഎസ് നേതാക്കൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.