India
Samajwadi Party
India

ആറില്ല, അഞ്ച്; യുപി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചോദിച്ച സീറ്റ് കൊടുക്കാതെ എസ്പി

Web Desk
|
9 Oct 2024 2:35 PM GMT

ലോക്സഭാ തെരഞ്ഞെടുപ്പിലേയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേയും കോൺഗ്രസിന്റെ പ്രകടനം നോക്കിയാണ് എസ്പിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ

ലക്‌നൗ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയും ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ കുറ്റപ്പെടുത്തലിനും പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് കോൺഗ്രസിന് മറ്റൊരു തിരിച്ചടി. പത്ത് നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് സമാജ്‌വാദി പാര്‍ട്ടി അത് നൽകിയില്ലെന്ന് മാത്രമല്ല ഒരു കൂടിയാലോചനയും കൂടാതെ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

നാല് സീറ്റാണ് കോൺഗ്രസിന് ബാക്കിവെച്ചത്. ചോദിച്ചതിൽ നിന്നും ഒന്ന് കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേയും കോൺഗ്രസിന്റെ പ്രകടനം നോക്കിയാണ് എസ്പിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച(ഇന്ന്)ആണ് എസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർഥികളുടെ പേരും മണ്ഡലവും ഔദ്യോഗികമായി തന്നെ എസ്പി പങ്കുവെക്കുകയും ചെയ്തു. ഈ വർഷം അവസാനത്തോടെയാകും സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പ്. ഒരുപക്ഷേ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിക്കാനും സാധ്യത കൂടുതലാണ്.

എംപിയായതിന് പിന്നാലെ അഖിലേഷ് യാദവ് ഒഴിഞ്ഞ കർഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നും തേജ് പ്രതാപ് യാദവാണ് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ മത്സരിച്ച എസ്പി 37 സീറ്റുകളിൽ വിജയിച്ചിരുന്നു. 17 ഇടത്ത് മത്സരിച്ച കോൺഗ്രസ് ആറെണ്ണത്തിലാണ് വിജയിച്ചത്.

അതേസമയം കൂടിയാലോചനകളില്ലാതെ ആറ് പേരുടെ പട്ടിക പ്രഖ്യാപിച്ചതില്‍ കോൺഗ്രസ് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. സീറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ഏത് തീരുമാനവും ഞങ്ങൾ അംഗീകരിക്കുമെന്നും പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ വ്യക്തമാക്കി. ഉത്തർപ്രദേശിൽ ഞങ്ങൾക്ക് അമിത ആത്മവിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ പ്രതികരിച്ച എസ്പി നേതാവ് രവിദാസ് മെഹ്‌റോത്ര, ഹരിയാനയിലെ തോൽവിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹരിയാനയില്‍ സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് പോലും നൽകിയില്ലെന്നും എന്നിട്ട് സംസ്ഥാനം തന്നെ ബിജെപിക്ക് കൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപിയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അതിനാലാണ് ഞങ്ങൾ ആറ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള നാല് സീറ്റുകളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് എസ്പി ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് തടസമുണ്ടാകില്ലെന്നാണ് അവര്‍ കരുതുന്നത്.

അതേസമയം ഹരിയാനയിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാൻ എഎപിയും സമാജ് വാദി പാർട്ടിയും താത്പര്യപ്പെട്ടിരുന്നു. എന്നാൽ ഭൂപീന്ദർ സിങ് ഹൂഡക്ക് മുന്നിൽ വഴങ്ങിയ കോൺഗ്രസ് ദേശീയ നേതൃത്വം സഖ്യം ഉപേക്ഷിച്ചു. സിപിഎമ്മിന് മാത്രമാണ് ഒരു സീറ്റ് നൽകിയത്. രാഹുൽ ഗാന്ധിയുടെ താത്പര്യപ്രകാരം എഎപിയുമായി ഹരിയാനയിൽ സീറ്റ് ചർച്ചകളൊക്കെ നടന്നൊങ്കിലും 'ആപ്പ്' ചോദിക്കുന്നത് അത്രയും തരാനാകില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. സഖ്യം സാധ്യമായിരുന്നുവെങ്കില്‍ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായേനെ എന്ന വിലയിരുത്തലും സജീവമാണ്.

Similar Posts