India
കുത്തുബ് മിനാറിൽ ഖനനം നടത്താൻ തീരുമാനിച്ചിട്ടില്ല:     കേന്ദ്ര സാംസ്‌കാരിക മന്ത്രി
India

കുത്തുബ് മിനാറിൽ ഖനനം നടത്താൻ തീരുമാനിച്ചിട്ടില്ല: കേന്ദ്ര സാംസ്‌കാരിക മന്ത്രി

Web Desk
|
23 May 2022 6:32 AM GMT

ഖനനം നടത്തണമെന്ന ഹരജി നാളെ ഡൽഹി സാകേത് കോടതി പരിഗണിക്കും

ഡൽഹി: ലോക പൈതൃക സ്മാരകമായ കുത്തുബ് മിനാറിൽ ഖനനം നടത്താൻ തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് കേന്ദ്രസാംസ്‌കാരിക മന്ത്രി ജി.കെ റെഡ്ഡി. കുത്തബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പറഞ്ഞു.

സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ''അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച, സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ മൂന്ന് ചരിത്രകാരന്മാരും നാല് എഎസ്‌ഐ ഉദ്യോഗസ്ഥരും ഗവേഷകരും കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. സ്മാരകം നിർമിച്ചത് കുത്തബ്ദ്ധീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കുത്തബ് മിനാർ നിർമിച്ചത് ഹിന്ദു രാജാവായ രാജാ വിക്രമാദിത്യനാണെന്നും കുത്തബ്ദ്ധീൻ ഐബക്കല്ലെന്നും എഎസ്‌ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയുടെ പ്രസ്താവനയും വിവാദമായിരുന്നു.

കുത്തബ് മിനാർ സമുച്ചയത്തിന്റെ പുനർനാമകരണം ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ അവകാശവാദമുന്നയിക്കുന്നുണ്ട്. പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഈ സ്ഥലം മുമ്പ് ഹിന്ദു, ജൈന ക്ഷേത്രങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും അവകാശ വാദം ഉയർന്നിരുന്നു.

അതേ സമയം കുത്തുബ് മിനാറിൽ ഖനനം നടത്തണമെന്ന് ഹരജി നാളെ ഡൽഹി സാകേത് കോടതി പരിഗണിക്കും. ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തുബ് മിനാർ സ്ഥിതി ചെയ്യുന്നതെന്നാണ് ഹരജിയിലെ ആരോപണം.

Similar Posts