India
No talk about Babri demolition says Owaisi
India

ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ച് ആരും മിണ്ടുന്നില്ല; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് മാത്രമാണ് ചർച്ച: അസദുദ്ദീൻ ഉവൈസി

Web Desk
|
13 Jan 2024 12:08 PM GMT

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമാണ് ഡിസംബർ ആറ് എന്നും ഉവൈസി പറഞ്ഞു.

ഹൈദരാബാദ്: 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തു കളഞ്ഞ നിന്ദ്യമായ കുറ്റകൃത്യത്തെ കുറിച്ച് ആരും മിണ്ടുന്നില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കും, പങ്കെടുക്കില്ല എന്നത് മാത്രമാണ് ഇപ്പോൾ ചർച്ച. ഇതിൽനിന്ന് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സന്ദേശം വ്യക്തമാണെന്നും ഉവൈസി പറഞ്ഞു.

അയോധ്യാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം തന്റെ പിതാവിന്റെ സ്വപ്‌നമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം തലവൻ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ശങ്കരാചാര്യൻമാരുമായി ആലോചിച്ച് ജനുവരി 22-ന് ഗോദാവരി നദിയുടെ തീരത്ത് മഹാ ആരതി സംഘടിപ്പിക്കുമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഉവൈസി ബാബരി മസ്ജിദ് തകർത്തത് ഓർമിപ്പിച്ചത്.

''ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തുകളഞ്ഞ ക്രൂരമായ കുറ്റകൃത്യത്തെ കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും സംസാരിക്കുന്നില്ല. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് മാത്രമാണ് ഇപ്പോൾ ചർച്ച. ഇതിൽനിന്ന് ഇന്ത്യൻ മുസ്‌ലിംകൾക്കുള്ള സന്ദേശം വ്യക്തമാണ്. വർത്തമാനകാല ഇന്ത്യയിൽ മുസ്‌ലിംകളുടെ ഇടം വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ''-ഉവൈസി ട്വീറ്റ് ചെയ്തു.


Similar Posts