India
ബി.ജെ.പിക്ക് വോട്ടില്ല... സംയുക്ത കിസാന്‍ മോര്‍ച്ച ലഖിംപൂരില്‍ നിന്ന് പ്രക്ഷോഭം പുനരാരംഭിക്കും
India

'ബി.ജെ.പിക്ക് വോട്ടില്ല'... സംയുക്ത കിസാന്‍ മോര്‍ച്ച ലഖിംപൂരില്‍ നിന്ന് പ്രക്ഷോഭം പുനരാരംഭിക്കും

Web Desk
|
16 Jan 2022 7:26 AM GMT

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭം അവസാനിപ്പിച്ച് ഒരു മാസം കഴിയുമ്പോള്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതോടൊപ്പം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി മിഷന്‍ ഉത്തര്‍പ്രദേശും മിഷന്‍ ഉത്തരാഖണ്ഡുമായി ജനങ്ങളിലേക്കെത്തും.

കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂരില്‍ നിന്ന് ജനുവരി 21ന് പ്രതിഷേധം പുനരാരംഭിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കര്‍ഷക സമരത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ലഖിംപൂര്‍ സംഭവത്തിന്‍റെ പേരില്‍ മന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

ജനുവരി 31 കര്‍ഷകര്‍ വഞ്ചനദിനമായി ആചരിക്കും. സിങ്കു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് ഒരു വര്‍ഷം നീണ്ട സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്. അന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കര്‍ഷകര്‍ വിലയിരുത്തി. താങ്ങുവില തീരുമാനിക്കാന്‍ കമ്മിറ്റി പോലും രൂപീകരിച്ചില്ല. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഒരു നടപടിയുമുണ്ടായില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് ജനുവരി 31 വഞ്ചനാദിനമായി ആചരിക്കുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഈ യോഗത്തില്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംയുക്ത് സമാജ് മോര്‍ച്ചയുടെ ഭാരവാഹികള്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടില്ലെന്നും മത്സരിക്കുന്ന സംഘടനകള്‍ നിലവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമല്ലെന്നും ജോഗിന്ദര്‍ സിങ് പറഞ്ഞു.

മിഷന്‍ യു.പിക്കായി ലഖിപൂര്‍ഖേരിയെ സ്ഥിരം പ്രതിഷേധ വേദിയായി നിലനിര്‍ത്തും. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലും സമാനമായ ഇടപടല്‍ കിസാന്‍ മോര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത കിസാന്‍ മോര്‍ച്ച, വേറെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ല.

Similar Posts