India
No wheelchair at Kota hospital, man takes injured son to 3rd floor on scooter
India

വീൽചെയർ കിട്ടിയില്ല; കാലിന് പരിക്കേറ്റ മകനെ അച്ഛൻ മൂന്നാം നിലയിലെത്തിച്ചത് സ്‌കൂട്ടറിൽ

Web Desk
|
17 Jun 2023 12:35 PM GMT

രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. അഭിഭാഷകനായ മനോജ് ജയിൻ ആണ് മകനെ സ്‌കൂട്ടറിൽ ആശുപത്രിയുടെ മൂന്നാം നിലയിലെത്തിച്ചത്.

ജയ്പൂർ: വീൽചെയർ കിട്ടാത്തതിനാൽ മകന്റെ കാലിന് പ്ലാസ്റ്ററിടാൻ അച്ഛൻ മകനെ ആശുപത്രിയുടെ മൂന്നാം നിലയിലെത്തിച്ചത് സ്‌കൂട്ടറിൽ. രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. അഭിഭാഷകനായ മനോജ് ജയിൻ ആണ് മകനെ വീൽചെയറിൽ അസ്ഥിരോഗ വിഭാഗത്തിലെത്തിച്ചത്.

ആശുപത്രിയിൽ വീൽചെയറുകൾ കുറവാണെന്ന് അധികൃതർ പറഞ്ഞു. മകനെ സ്‌കൂട്ടറിൽ കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരിൽനിന്ന് അനുമതി തേടിയതായും അനുമതി ലഭിച്ചതിന് ശേഷമാണ് വാഹനത്തിൽ കൊണ്ടുപോയതെന്നും മനോജ് പറഞ്ഞു.

മനോജ് മകനെ സ്‌കൂട്ടറിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മനോജ് മകനെ പിറകിലിരുത്തി സ്‌കൂട്ടറോടിച്ച് ലിഫ്റ്റിനരികിലെത്തുന്നതും ലിഫ്റ്റിനുള്ളിൽ പ്രവേശിക്കുന്നതും പിന്നാലെയെത്തുന്ന ഒരു സ്ത്രീ ബട്ടണമർത്തുന്നതോടെ ലിഫ്റ്റിന്റെ വാതിലടയുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

പ്ലാസ്റ്ററിട്ട് മടങ്ങുമ്പോൾ വാർഡ് ഇൻ ചാർജ് സ്‌കൂട്ടർ തടഞ്ഞു. ആശുപത്രിക്കുള്ളിൽ സ്‌കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മനോജിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണെങ്കിൽ ആളുകൾ തങ്ങളുടെ ബന്ധുക്കളെ ഏത് വിധേനയും ചികിത്സ നൽകാൻ ശ്രമിക്കുമെന്നും അത് മാത്രമാണ് ഈ പിതാവും ചെയ്തതെന്നും പൊലീസ് പറഞ്ഞു.

വീൽചെയറിന്റെ കുറവ് നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീൽചെയറുകൾ ആവശ്യപ്പെട്ട് അപേക്ഷകൾ നൽകിയിരുന്നെങ്കിലും അത് ഉന്നതാധികാരികൾ നിരസിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

Similar Posts