India
നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻ​ഗാമി; ടാറ്റ ട്രസ്റ്റിന് പുതിയ ചെയർമാൻ
India

നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻ​ഗാമി; ടാറ്റ ട്രസ്റ്റിന് പുതിയ ചെയർമാൻ

Web Desk
|
11 Oct 2024 9:25 AM GMT

മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ ബോർഡ് യോ​ഗത്തിലാണ് തീരുമാനം.

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായ രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി ടാറ്റ ട്രസ്റ്റിന് പുതിയ ചെയർമാൻ. അർധ സഹോദരനായ 67കാരൻ നോയൽ ടാറ്റയെ ട്രസ്റ്റിന്റെ ചെയർമാനായി തെരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ ബോർഡ് യോ​ഗത്തിലാണ് തീരുമാനം.

ട്രെൻ്റ് ആൻഡ് ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനും ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. കൂടാതെ, ടൈറ്റൻ കമ്പനിയുടെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനുമാണ്. രത്തൻ ടാറ്റയുടെ രണ്ടാനമ്മയായ സിമോൺ ടാറ്റയുടെ മകനാണ്.

നിലവിൽ സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയായ നോയൽ ടാറ്റ, 2000ൽ ഗ്രൂപ്പിനൊപ്പം ചേർന്നതുമുതൽ ടാറ്റയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നിരവധി ബോർഡുകളിലും നോയൽ ടാറ്റ അംഗമാണ്. ടാറ്റയുടെ 14 ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന ബോഡിയാണ് ടാറ്റ ട്രസ്റ്റ്.

പ്രധാനമായും സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയ്ക്കാണ് ടാറ്റ സൺസിൻ്റെ ഉടമസ്ഥാവകാശം. വേണു ശ്രീനിവാസൻ, വിജയ് സിങ്, മെഹ്ലി മിസ്ത്രി എന്നിവരാണ് നിലവിൽ ടാറ്റ ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അം​ഗങ്ങൾ. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബ ബിസിനസിൽ ഏർപ്പെട്ടിട്ടില്ല. ദക്ഷിണ മുംബൈയിലെ കൊളാബയിലെ രണ്ട് മുറി അപ്പാർട്ടുമെൻ്റിലാണ് ഇദ്ദേഹം താമസിക്കുന്നത്.

1937ൽ പരമ്പരാഗത പാഴ്‌സി കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റയ്ക്ക് 10 വയസുള്ളപ്പോഴാണ് മാതാപിതാക്കളായ നേവലും സൂനി ടാറ്റയും വിവാഹമോചിതരായത്. തുടർന്ന് മുത്തശ്ശിയാണ് ഇദ്ദേഹത്തെ വളർത്തിയത്.

ഇന്ത്യൻ വ്യവസായ ചരിത്രത്തിലെ ഇതിഹാസ പുരുഷനായിരുന്നു രത്തൻ ടാറ്റ. ഉപ്പുതൊട്ട് ഉരുക്കിൽ വരെ തന്റെ പേരെഴുതിച്ചേർത്ത, ടാറ്റാ ഗ്രൂപ്പിനെ ആഗോള പ്രശസ്തിയിലേക്ക് എത്തിച്ച വ്യക്തിത്വം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്ത്യം. അന്തരിക്കുമ്പോൾ ടാറ്റാ സൺസിന്റെ ചെയർമാൻ എമെരിറ്റസും കൂടിയായിരുന്നു അദ്ദേഹം.





Similar Posts