India
Noida,Viral Holi video
India

സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 രൂപ കൂടി പിഴ ചുമത്തി

Web Desk
|
28 March 2024 4:49 AM GMT

സംഭവത്തിൽ ലോക്കൽ പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്

നോയിഡ: സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്കെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ അവിടം കൊണ്ട് തീരുന്നില്ല. ഇപ്പോഴിതാ 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ ഇവർ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായി.

സംഭവത്തിൽ ലോക്കൽ പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 25 നാണ് വീഡിയോ ആദ്യമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. യുവാവ് സ്‌കൂട്ടർ ഓടിക്കുകയും അതിന് പിന്നിൽ രണ്ടുപെൺകുട്ടികൾ നിറങ്ങൾ വാരിപൂശുന്നതുമായ വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമർശനം ഉയർന്നത്. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ആദ്യം 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഹെൽമറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്. സ്‌കൂട്ടർ ഉടമ 80,500 രൂപ പിഴയൊടുക്കമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവ് പിടിഐയോട് പറഞ്ഞു.ഇരുചക്ര വാഹനമോ നാലു ചക്ര വാഹനമോ ഓടിക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത് പോലെ ട്രാഫിക് നിയമങ്ങൾ പാലിക്കാനും റോഡ് സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും യാദവ് അഭ്യർഥിച്ചു.

അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേർപ്പെടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.


Similar Posts