India
Non-BJP chief ministers sent letter to PM Modi Says Using central agencies to hunt opposition Leaders
India

'കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ

Web Desk
|
5 March 2023 5:41 AM GMT

ഗവർണർമാർ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തിൽ വിമർശനമുണ്ട്.

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രിമമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ എന്നിവരാണ് കത്തയച്ചത്.

ഗവർണർമാർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തിൽ വിമർശനമുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് കത്ത്. സിബിഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിരന്തരം കേസുകളിൽ കുടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യുന്നു, എന്നാൽ 78000 കോടിയുടെ ഓഹരി കുംഭകോണം നടന്നിട്ട് ഈ ഏജൻസികൾ അന്വേഷിക്കുന്നില്ലെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷത്തെ പല നേതാക്കളേയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു, ആരോപണ വിധേയരായ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നാൽ അവർക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കുന്നു എന്നതാണ് ഒന്നാമത്തേത്.

മുൻ കോൺഗ്രസ് നേതാവായ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ, മുൻ തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി തുടങ്ങിയവരുടെ കാര്യം ഇതിനുദാഹരണമായി കത്തിൽ പരമാർശിക്കുന്നു. ഇവർക്കെതിരായ അന്വേഷണം ഇഴയുമ്പോൾ തെളിവില്ലാത്ത കേസുകളിൽ പോലും സിസോദിയ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതായി കത്തിൽ വ്യക്തമാക്കുന്നു.

ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനും ഗവർണർമാർ ശ്രമിക്കുന്നു എന്നതാണ് കത്തിൽ രണ്ടാമതായി ചൂണ്ടിക്കാട്ടുന്ന വിഷയം. അതിനാൽ സംസ്ഥാനങ്ങളിൽ ഗവർണർ എന്നൊരു പദവി വേണോ എന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും കത്തിൽ വിശദമാക്കുന്നു.

മുഖ്യമന്ത്രിമാരെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ കൂടാതെ ശരദ് പവാർ, ഉദ്ധവ് താക്കറെ, കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഇടത്- കോൺ​ഗ്രസ് നേതാക്കൾ കത്തിൽ ഒപ്പിട്ടിട്ടില്ല.

Similar Posts