'എന്ത് യാ, യാ, കോഫീ ഷോപ്പ് അല്ല, കോടതിയാണ്'; അഭിഭാഷകനെ ശകാരിച്ച് ചീഫ് ജസ്റ്റിസ്
|'യാ' എന്ന പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നും, നിങ്ങൾ നിൽക്കുന്നത് കോടതി മുറിയിലാണ് അല്ലാതെ കോഫി ഷോപ്പില്‍ അല്ലെന്നും എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
ന്യൂഡൽഹി: കോടതിയെ അഭിസംബോധന ചെയ്‌തപ്പോൾ 'യാ' എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
'യാ' എന്ന പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നും, നിങ്ങൾ നിൽക്കുന്നത് കോടതി മുറിയിലാണ് അല്ലാതെ കോഫി ഷോപ്പില്‍ അല്ലെന്നും എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം. ഇതൊരു ആര്‍ട്ടിക്കിള്‍ 32 ഹര്‍ജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങള്‍ക്കെങ്ങനെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഈ സമയത്താണ് അഭിഭാഷകൻ 'യാ, യാ' എന്ന് പറഞ്ഞുകൊണ്ട് മറുപടി പറഞ്ഞു തുടങ്ങിയത്. ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടൽ നിർത്തി. 'ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ യാ, യെസ് എന്ന് പറയണം. ഇത് കോടതിയാണ്. ഈ യാ യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് ഇവിടെ അനുവദിക്കാനാവില്ല ', ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
' ഈ കോടതിയിലെ മുൻ ജഡ്ജിയായിരുന്നു ജസ്റ്റിസ് ഗൊഗോയ്. അവിടെ വിജയിക്കാന്‍ കഴിയാത്തതിനാല്‍ ഒരു ജഡ്ജിക്കെതിരെ ഇത്തരമൊരു ഹർജി ഫയൽ ചെയ്യാനും ആഭ്യന്തര അന്വേഷണം ആവശ്യപ്പെടാനും നിങ്ങൾക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹര്‍ജി, രജിസ്‌ട്രി പരിശോധിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇപ്പോൾ രാജ്യസഭാ എംപിയായ ജസ്റ്റിസ് ഗോഗോയിയുടെ പേര് ഒഴിവാക്കണമെന്ന് ഹർജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ പേരിലാണ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.