ഗോത്രമേഖലക്ക് കൂടുതൽ അധികാരം നൽകും; ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി
|സംസ്ഥാനത്ത് ബി.ജെ.പി അധികാര തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി മണിക് സാഹ അവകാശപ്പെട്ടു
അഗര്‍ത്തല: ഗോത്രമേഖലക്ക് കൂടുതൽ അധികാരം നൽകുമെന്ന വാഗ്ദാനവുമായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്ത് ബി.ജെ.പി അധികാര തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി മണിക് സാഹ അവകാശപ്പെട്ടു.
ഗോത്രമേഖലക്ക് കൂടുതൽ അധികാരം നൽകുമെന്ന വാഗ്ദാനത്തിലൂടെ ബി.ജെ.പി പ്രാദേശിക പാർട്ടിയായ തിപ്രമോതയെയാണ് ലക്ഷ്യമിടുന്നത്. പ്രത്യേക സംസ്ഥാനമെന്ന തിപ്ര മോതയുടെ ആവശ്യത്തെ മറികടക്കാനാണ് ഈ വാഗ്ദാനത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സുനാമി ഉണ്ടാകുമെന്നും സി.പി.എം കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങൾ തള്ളുമെന്നും മുഖ്യമന്ത്രി മണിക് സഹ പറഞ്ഞു. കർഷകർക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കും. റബ്ബർ സംസ്‌കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. 50000 രൂപയുടെ ബാലിക സമൃദ്ധി ബോണ്ട്.
ഗോത്ര ഭാഷയായ കോക്ബോറോക് സിബിഎസ്ഇ, ഐസിഎസ്ഇ കരികുലത്തിൽ ഉൾപ്പെടുത്തും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുറത്തിറക്കിയത്. ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിലും കാറുകളിലും പണം എത്തിക്കുന്നുവെന്നും പരിശോധന കർശനമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചു ഡൽഹി ജന്ദർ മന്തറിൽ സി.പി.എം ധർണ സംഘടിപ്പിക്കും.