ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ട പണം നൽകാനായില്ല; മകന്റെ മൃതദേഹം ബൈക്കിലിരുത്തി പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ
|തിരുപ്പതിയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്
ആന്ധ്രപ്രദേശ്: ആംബുലൻസ് ഡ്രൈവർമാർക്ക് ചോദിച്ച പണം നൽകാനില്ലാത്തതിനാൽ മകന്റെ മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി പിതാവ്. തിരുപ്പതിയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. മരിച്ച 10 വയസുകാരന്റെ മൃതദേഹവുമായി കർഷകത്തൊഴിലാളിയായ പിതാവ് താണ്ടിയത് 90 കിലോമീറ്റർ ദൂരമാണ്. ശ്രീ വെങ്കിടേശ്വര രാംനാരായണൻ റൂയ സർക്കാർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ തന്നോട് വൻ തുക ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാനില്ലാത്തതിനാൽ മകനെയുമായി ബൈക്കില്‍ പോകേണ്ടി വന്നതെന്ന് പിതാവ് പറയുന്നു. മറ്റൊരു യുവാവാണ് ഇരുചക്രവാഹനം ഓടിച്ചത്. ഇതിന് പിറകിൽ മകന്റെ മൃതദേഹം മടിയിൽ വെച്ചുകൊണ്ടാണ് പിതാവ് ഇരുന്നത്.
തിരുപ്പതിയിൽ നിന്ന് 90 കിലോമീറ്റർ അകലെ അന്നമയ്യ ജില്ലയിലെ ചിത്വേലിയാണ് ഇവരുടെ നാട്. തിങ്കളാഴ്ച രാത്രിയാണ് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു കുഞ്ഞ് മരിക്കുന്നത്. മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. കുട്ടിയുടെ പിതാവിന് ഭീമമായ തുക നൽകാനാകാതെ വന്നതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കാൻ മറ്റൊരു ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസിനെ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും മൃതദേഹം തന്റെ ആംബുലൻസിൽ കൊണ്ടുപോകണമെന്ന് വാശിപിടിച്ചതായും ആരോപണമുണ്ട്.
തുടർന്നാണ് പിതാവ് കുട്ടിയെ ബൈക്കിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇത് വൻ പ്രതിഷേധത്തിനിടയാക്കി. സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ആംബുലൻസ് ഡ്രൈവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.ആശുപത്രി അധികൃതർ അവരുടെ ആംബുലൻസുകളുടെ പ്രവർത്തനം നിർത്തി സ്വകാര്യ ഓപ്പറേറ്റർമാരുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളായ ടിഡിപിയുടെയും ബിജെപിയുടെയും നേതാക്കൾ ആശുപത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയ റവന്യൂ ഡിവിഷണൽ ഓഫീസറെ (ആർഡിഒ) ഇവർ തടയാൻ ശ്രമിച്ചു.
ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു. 'തിരുപ്പതിയിലെ ആശുപത്രിയിൽ മരിച്ച ആ കുഞ്ഞിനെ ഓർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് ആ പിതാവ് ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. എന്നാൽ സ്വകാര്യ ആംബുലൻസുകാർ വലിയ തുക ആവശ്യപ്പെട്ടപ്പോൾ ദരിദ്രനായ ആ പിതാവിന് തന്റെ മകനെ ബൈക്കിൽ കയറ്റുകയല്ലാതെ മാർഗമില്ലായിരുന്നു.ആന്ധ്രാപ്രദേശിൽ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഭരണത്തിന് കീഴിൽ തകർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ സംവിധാനങ്ങളുടെ പ്രതിഫലനമാണ് ഹൃദയഭേദകമായ ഈ ദുരന്തമെന്നും നായിഡു ട്വീറ്റ് ചെയ്തു.
My heart aches for innocent little Jesava,who died at Tirupati's RUIA hospital.His father pleaded with authorities to arrange an ambulance which never came.With mortuary vans lying in utter neglect,pvt ambulance providers asked a fortune to take the child home for final rites.1/2 pic.twitter.com/mcW94zrQUt
— N Chandrababu Naidu (@ncbn) April 26, 2022