മോദിക്കെതിരെ വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ല: കൊമേഡിയൻ ശ്യാം രംഗീല
|മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ശ്യാം പറയുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഉത്തർപ്രദേശിലെ വാരാണാസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി കൊമേഡിയൻ ശ്യാം രംഗീല. രാജ്യത്ത് ജനാധിപത്യം കഴുത്തുഞെരിച്ച് കൊല്ലപ്പെടുന്നത് താൻ സ്വന്തം കണ്ണുകൊണ്ട് കണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് ശ്രദ്ധേയനായ ശ്യാം രംഗീല, അദ്ദേഹത്തിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ശ്രമിച്ചത്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് പല തവണ തഴയപ്പെട്ടെന്ന് ശ്യാം വ്യക്തമാക്കി. ഇന്ന് (മെയ് 14) ആണ് വാരണാസി സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശ പത്രിക സമർച്ചിരുന്നു.
എന്നാൽ ഇപ്പോഴും നാമനിർദേശ പത്രിക സമർപ്പിക്കാനാവാതെ നിൽക്കുകയാണ് ശ്യാം രംഗീല. മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ശ്യാം പറയുന്നു. എന്നാൽ ചില ഒഴികഴിവുകൾ പറഞ്ഞ് അധികൃതർ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയ ശ്യാം രംഗീല, തന്നെപ്പോലെ നിരവധി പേർ ജില്ലാ മജിസ്‌ട്രേറ്റ് നാമനിർദേശ പത്രിക സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും എന്നാൽ ആരെയും ഓഫീസ് പരിസരത്ത് പ്രവേശിപ്പിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഇന്ന് ജനാധിപത്യം കഴുത്തു ഞെരിച്ച് കൊല്ലപ്പെടുന്നത് ഞാൻ സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഞാനൊരു നേതാവല്ല, ഒരു ഹാസ്യനടനാണ്. എന്നിട്ടും നാമനിർദേശ പത്രിക സമർപ്പിക്കാൻ ഞാൻ പോയി. എന്ത് സംഭവിച്ചാലും വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാൻ കരുതി. ഫോം വാങ്ങി പൂരിപ്പിച്ചു, പക്ഷേ ആരും അത് സ്വീകരിക്കാൻ തയാറായില്ല. ഞാൻ വീണ്ടും ശ്രമിക്കും'- അദ്ദേഹം വിശദമാക്കി.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്യാം പരാതി നൽകിയിട്ടുണ്ട്. നോട്ട് നിരോധനം പോലുള്ള വിഷയങ്ങളിൽ യൂട്യൂബിൽ തരംഗമായ നിരവധി മോക്ക് വീഡിയോകളിലൂടെ ജനപ്രിയനായ ഹാസ്യനടനാണ് 29കാരനായ ശ്യാം രംഗീല.