ചെങ്കോൽ മൗണ്ട് ബാറ്റണ് നൽകിയതിന് തെളിവില്ല: തിരുവാടുതുറൈ മഠാധിപതി
|"ചെങ്കോൽ മൗണ്ട് ബാറ്റണ് നൽകേണ്ട ആവശ്യമെന്തായിരുന്നു? എല്ലാ അധികാരങ്ങളും കൈമാറി ഇന്ത്യ വിടാൻ നിൽക്കുകയായിരുന്നു അദ്ദേഹം."
ചെന്നൈ: പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷപൂർവ്വം സ്ഥാപിച്ച ചെങ്കോൽ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകിയതായിരുന്നോ എന്ന കാര്യം അറിയില്ലെന്ന് തിരുവാടുതുറൈ അധീനം മുഖ്യമഠാധിപതി. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മയിലാടുതുറൈ ജില്ലയിലെ ശ്രീ ലാ ശ്രീ അംബാലവന ദേശിക പ്രമാചാര്യ സ്വാമികൾ ഇക്കാര്യം വ്യക്തമാക്കിയത്. അധീനത്തിലെ 24-ാമത്തെ മഠാധിപതിയാണ് ഇദ്ദേഹം.
സ്വാതന്ത്ര്യ ദിനത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സമ്മാനിക്കുന്നതിന് മുമ്പ്, അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമെന്ന നിലയിൽ ചെങ്കോൽ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകി എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് കൃത്യമായ വിവരമില്ല എന്നാണ് മഠാധിപതി പറയുന്നത്. 'ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഹ്രസ്വ ചിത്രം പുറത്തിറങ്ങിയതായി ഞാൻ കേട്ടിരുന്നു. ചിലർ പറയുന്നു ചെങ്കോൽ മൗണ്ട് ബാറ്റണ് സമ്മാനിച്ചതാണെന്ന്. അക്കാലത്തുള്ള ആളുകളും അതു പറയുന്നുണ്ട്' - ഇദ്ദേഹം പറഞ്ഞു. 1947 ആഗസ്ത് 14ന് നെഹ്‌റുവിന് സമ്മാനിക്കും മുമ്പ് ചെങ്കോൽ മൗണ്ട്ബാറ്റണ് നൽകിയിരുന്നോ എന്നാണ് ദ ഹിന്ദു അധീനത്തോട് ചോദിച്ചിരുന്നത്.
'ചെങ്കോൽ മൗണ്ട് ബാറ്റണ് നൽകേണ്ട ആവശ്യമെന്തായിരുന്നു? എല്ലാ അധികാരങ്ങളും കൈമാറി ഇന്ത്യ വിടാൻ നിൽക്കുകയായിരുന്നു അദ്ദേഹം. ആ ദിവസം നെഹ്‌റു ആയിരുന്നു പ്രധാനപ്പെട്ടത്.' - മഠാധിപതി കൂട്ടിച്ചേർത്തു. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യക്ക് കൈമാറിയാണ് സ്വർണച്ചെങ്കോൽ എന്നാണ് കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നത്. മൗണ്ട് ബാറ്റണ് നൽകിയ ചെങ്കോൽ ഗംഗാജലം തളിച്ച് നെഹ്‌റുവിന് സമ്മാനിച്ചു എന്നാണ് ചെങ്കോലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നത്. ഇതിന്റെ തമിഴ് കൈയെഴുത്തു പകർപ്പും അതിൽ ഉൾപ്പെടുത്തിയിരുന്നു. 1947ലും 1950ലും പുറത്തിറക്കി രണ്ട് സുവനീറുകളിൽ ഈ പകർപ്പ് ഉണ്ടെന്നാണ് അധീനം പറഞ്ഞിരുന്നത്. എന്നാൽ ഇവ രണ്ടും കണ്ടെത്താനായില്ലെന്ന് മഠാധിപതി പറഞ്ഞു.
ചെങ്കോല്‍ നെഹ്റുവിന് സമ്മാനിക്കുന്നതിന്‍റെ ചിത്രം മഠത്തിന്‍റെ പക്കലുണ്ട്. മദ്രാസില്‍ നിന്നെത്തിയ സംഘമാണ് ഇത് നെഹ്റുവിന് സമ്മാനിച്ചത്. എന്നാല്‍ ഔദ്യോഗിക രേഖകളിലൊന്നും ഈ ചടങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിച്ചത്. നെഹ്‌റുവിന്റെ ജന്മവീടായ അലഹബാദിലെ ആനന്ദഭവനിലാണ് ചെങ്കോൽ സൂക്ഷിച്ചിരുന്നത്.