India
rubber price
India

റബർ വില കൂട്ടില്ല: താങ്ങുവില 300 ആക്കി ഉയർത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രം

Web Desk
|
26 July 2023 1:13 PM GMT

ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും കേന്ദ്രം അറിയിച്ചു

ഡൽഹി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും കേന്ദ്രം അറിയിച്ചു.താങ്ങുവില കിലോക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്ന് കണ്ണൂർ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ ബിജെപി നേതാക്കളും റബ്ബർ ബോർഡ് ചെയർമാനുമടക്കം നിരവധി പേർ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലത്തൂരിൽ നടന്ന റാലിയിലാണ് റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന വിവാദ പ്രസ്താവന ബിഷപ് നടത്തിയത്. പിന്നാലെ റബർ ബോർഡിന്റെ വൈസ് ചെയർമാൻ തലശേരി ആർച്ച് ബിഷപ് ഹൗസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയുടെ നേതാക്കളെല്ലാം ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. റബർ വിലയുമായി ബന്ധപ്പെട്ട് ബിഷപ് നടത്തിയ വിവാദ പ്രസ്താവന ഏതെങ്കിലും തരത്തിൽ തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുമോയെന്ന കൊണ്ടുപിടിച്ച ശ്രമങ്ങൾ ബി.ജെ.പി നടത്തി വരികയായിരുന്നു.

Similar Posts